![](https://www.nrimalayalee.com/wp-content/uploads/2022/04/Kuwait-PCR-Test-Students.jpeg)
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര് പരിശോധന സേവനം അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കുള്ള പി.സി.ആര് നിബന്ധന ഒഴിവാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി കൈകൊണ്ടിരിക്കുന്നത്.
രാജ്യത്തെ പന്ത്രണ്ട് ഹെല്‍ത്ത് സെന്ററുകളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര് പരിശോധന ഇതുവരെയും ലഭ്യമായിരുന്നത്. ഇതുവരെ ഇവിടെയുണ്ടായിരുന്ന സ്പെഷ്യല്‍ ജീവനക്കാരെയെല്ലാം അവരുടെ സാധാരണ ഡ്യൂട്ടിയിലേക്ക് തന്നെ തിരികെ നിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.
അതിനിടെ രാജ്യത്ത് കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസ് നല്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് പറഞ്ഞു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിച്ച റമദാന് ഗബ്ഗയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നാലാമത്തെ ഡോസ് ആവശ്യമില്ലെന്നതാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ ആശ്വാസകരമായ സാഹചര്യം മാറുകയെണെങ്കില് തീരുമാനങ്ങളിലും മാറ്റമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല