1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ ജീവനക്കാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പമ്പ് നടത്തിക്കൊണ്ടുപോവാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്ന സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ് പെട്രോള്‍ സ്റ്റേഷന്‍ ഉടമകള്‍. ഇതുമൂലം രാജ്യത്തെ പെട്രോള്‍ സ്റ്റേഷനില്‍ വാഹനങ്ങളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും അല്‍ സുല്‍ത്താന്‍ അറിയിച്ചു. ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കാത്ത പക്ഷം മറ്റ് പരിഹാര മാര്‍ഗങ്ങളിലേക്ക് തിരിയും. സെല്‍ഫ് സര്‍വീസ് സംവിധാനം വര്‍ധിപ്പിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. വാഹനവുമായി വരുന്നവര്‍ തന്നെ ഇന്ധനം നിറയ്ക്കുന്ന രീതിയാണ് ആലോചിക്കുന്നത്. പണം വാങ്ങാന്‍ മാത്രം ഒരു ജീവനക്കാരനെ നിയമിക്കും. അതേസമയം, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സംവിധാനം ഒരുക്കും. ഇതുവഴി കൂടുതല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്ന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ അനുമതി ലഭിക്കാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്ത് കൊണ്ടുവന്ന റിക്രൂട്ടിംഗ് മേഖലയിലെ നിയന്ത്രണങ്ങള്‍ തൊഴില്‍ മന്ത്രാലയം ഇപ്പോഴും തുടരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ രാജ്യം വിട്ടെങ്കിലും അവര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കാനുള്ള അനുമതി തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതര്‍ നല്‍കുന്നില്ലെന്നാണ് പരാതി.

ജീവനക്കാരെ കിട്ടാനില്ലാത്തതിനാല്‍ തന്റെ കമ്പനിക്കു കീഴിലെ പകുതി പമ്പുകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും പമ്പുകളിലെ തിരക്കിന് കാരണം അതാണെന്നും ഔല ഫ്യുവെല്‍ മാര്‍ക്കറ്റിംഗ് കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ അറിയിച്ചു. നേരത്തെ 850 ജോലിക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 350 പേര്‍ മാത്രമേയുള്ളൂ. ഇവരെ വച്ചാണ് പകുതി പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധിക്കു ശേഷം വിദേശത്തു നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അനുവാദം നല്‍കിയിട്ടില്ല. പകരം കുവൈത്തി തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ എടുക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. ഇവര്‍ പലപ്പോഴും നിശ്ചിത യോഗ്യത ഉള്ളവരോ പരിശീലനം ലഭിച്ചവരോ ആയിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേനിലപാടാണ് അല്‍ സൂര്‍ ഫ്യുവെല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കും ഉള്ളത്. നേരത്തെ 600 മുതല്‍ 700 വരെ ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 200 പേര്‍ മാത്രമാണ് ഉള്ളത്. മറ്റുള്ളവരെല്ലാം നാട്ടിലേക്ക് അവധിക്ക് പോയി തിരികെ വരാതിരിക്കുകയോ മറ്റ് മെച്ചപ്പെട്ട ജോലികള്‍ തേടിപ്പോവുകയോ ചെയ്തു. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തുടരുന്ന റിക്രൂട്ട്മെന്റ് നിരോധനവും കുവൈത്തില്‍ നിന്ന് തൊഴിലാളികളെ എടുക്കുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരുന്നതുമാണ് പ്രധാന തടസ്സങ്ങളായി നിലനില്‍ക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ജീവനക്കാരുടെ എണ്ണം കുറയുമ്പോള്‍ പമ്പുകള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്നും പമ്പുകളിലെ തിരക്ക് അവിടങ്ങളിലെ മാനേജ്മെന്റ് വീഴ്ച കാരണം ഉണ്ടാവുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരില്‍ പലരും രണ്ട് വര്‍ഷം തികയുമ്പോള്‍ മറ്റു നല്ല ജോലികള്‍ തേടിപ്പോവുന്നവരാണ്. ഇതിന് വലിയ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ടെന്നും കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.