സ്വന്തം ലേഖകൻ: കുവൈത്ത് ടെലികോം രംഗം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനുള്ള നീക്കവുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ). ഡിറ്റക്ടർ (കാഷിഫ്) എന്ന പുതിയ സേവനം വഴി വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി മുതൽ സ്വീകർത്താവിന് കാണാൻ സാധിക്കും. പ്രാദേശിക ടെലികോം ദാതാക്കൾ ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി മാത്രമാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.
പൊതുജനങ്ങളുടെ ടെലികോം രംഗത്തെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ‘കാഷിഫ്’ സേവനം. മൊബൈൽ ഫോണിൽ നിന്നോ ലാൻഡ്ലൈനിൽ നിന്നോ വിളിക്കുന്നയാളുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാത കോളുകളുടെയും തട്ടിപ്പുകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഈ പുതിയ സംവിധാനം ഗവൺമെന്റ് ഓഫീസുകളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള കോളുകൾ തിരിച്ചറിയാനും പരിശോധിക്കാനും ഉപയോക്താക്കളെ സഹായിക്കും. ടെലികോം മേഖലയിലെ സുരക്ഷയും വിശ്വാസയോഗ്യതയും വർധിപ്പിക്കുന്നതിൽ ‘കാഷിഫ്’ നിർണായക പങ്ക് വഹിക്കും. എന്നാൽ, വിളിക്കുന്നയാളുടെ പേര് മാത്രമേ കാണിക്കൂള്ളൂ എന്ന് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. രഹസ്യ വിവരങ്ങൾ കോളുകളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ ഉപദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല