സ്വന്തം ലേഖകന്‍: കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം. ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ പ്രതിപക്ഷം വിജയിച്ചു. 50 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണം പ്രതിപക്ഷ സഖ്യം സ്വന്തമാക്കി. മുന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനു വന്‍ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ നേരിയ ഭൂരിപക്ഷമായി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരില്‍ പകുതിയോളം പേര്‍ മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരും സലാഫിസ്റ്റുകളുമാണ്. ജയിച്ചവരില്‍ ഒരു വനിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ 9 സീറ്റുകള്‍ നേടിയ ഷിയ വിഭാഗത്തിന് ഇക്കുറി നേടാനായത് 6 സീറ്റുകള്‍ മാത്രമാണ്.
70 ശതമാനം പോളിംഗ് നടന്ന രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ മൂന്നിലൊന്ന് പുതുമുഖങ്ങളാണ്.എണ്ണയുടെ ആഗോള വിലയിടിവിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവു ചുരുക്കല്‍ നടപടികളും പെട്രോളിന്റെ വിലവര്‍ധനയും ബജറ്റ് പ്രതിസന്ധിക്കിടയാക്കിയ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു നടത്തിയത്.
കഴിഞ്ഞ 4 വര്‍ഷമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം നടത്തിയ ഇസ്ലാമിസ്റ്റ്, നാഷണലിസ്റ്റ്, ലിബറല്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ 15 ലേറെ സീറ്റുകളും പിടിച്ചെടുത്തു. മുന്‍ ദേശീയ അസംബ്ലിക്ക് വലിയ തിരിച്ചടി നല്‍കിയാണ് പുതിയ പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകള്‍ വിജയം ഉറപ്പിച്ചത്.
കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതായും 70 ശതമാനം പോളിംഗ് നടന്നതായും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെ അമിര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയും കിരീടാവകാശി ഷേഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും അഭിനന്ദിച്ചു.
അതേസമയം 15 മത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച 287 സ്ഥാനാര്‍ത്ഥികളില്‍ കേവലം 14 വനിതകളാണുണ്ടായിരുന്നത്. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയിച്ചത് ഒരാള്‍ മാത്രം. സഫാ അല്‍ ഹാഷിം എന്ന ലിബറല്‍ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചുകയറിയ ഒരേയൊരു വനിതാ സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച 52 കാരിയായ സഫ അല്‍ ഹാഷിം കുവൈറ്റില്‍ സ്വന്തമായ ബിസിനസ് നടത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല