സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ക്കിടെ കുവൈത്ത് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. എണ്ണയുടെ വിലയിടിവിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവു ചുരുക്കല്‍ നടപടികളും പെട്രോളിന്റെ വിലവര്‍ധനവും കത്തിനില്‍ക്കെ കുവൈത്ത് ജനത ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം സജീവമായി രംഗത്തുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
കുവൈത്ത് പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 4.75 ലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്യുക.
സ്വദേശികളായ കുവൈറ്റി പിതാവിനു ജനിച്ച ഉയര്‍ന്ന വിഭാഗത്തിലുളള അറബികള്‍ക്കു മാത്രമാണു വോട്ടവകാശം. സ്ഥാനാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രചാരനം നടത്തിയെങ്കിലും ഓരോ പ്രദേശത്തും നടക്കുന്ന ദിവാനിയ സമ്മേളനങ്ങളായിരുന്നു പ്രധാന പ്രചാരണ വേദികള്‍.
ഗള്‍ഫ് മേഖലയില്‍ എണ്ണ വിലയിടിവ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്. ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു തുടങ്ങിയ 2014ല്‍ കുവൈത്തിന്റെ മൊത്ത വരുമാനത്തിന്റെ 95 ശതമാനവും എണ്ണയില്‍ നിന്നായിരുന്നു. 2013–14ല്‍ 9,700 കോടി ഡോളര്‍ വരുമാനം ഉണ്ടായിരുന്ന കുവൈത്തിന്റെ മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4000 കോടിഡോളര്‍ ആയി കുറഞ്ഞു.
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള കുവൈറ്റ് പൗരന്മാര്‍ ആഡംബര ജീവിതത്തിനും കേള്‍വി കേട്ടവരാണ്. അതിനാല്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നടപടികള്‍ അത്ര സന്തോഷത്തോടെയല്ല രാജ്യത്ത് സ്വീകരിക്കപ്പെട്ടത്.
മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ 50 പേരെയാണു ജനങ്ങള്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കുക. ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന പത്തു പേര്‍ വീതം പാര്‍ലമെന്റില്‍ സീറ്റ് ഉറപ്പാക്കും. 15 പേരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ എല്‍ അഹമ്മദ് അല്‍ സാബക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല