സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് പുതുതായി ആയിരത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് നിയമനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനം. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം ഉണ്ടാകുകയെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.
രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ സ്വകാര്യ ആശുപത്രികളില്‍ പുതുതായി വരുന്നവര്‍ ചേരുമെന്ന് അടുത്തിടെ നടന്ന ഇന്ത്യന്‍ മാങ്കോ ഫെസ്റ്റിവലില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിനെതിരായ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യ- കുവൈത്ത് ആരോഗ്യ സഹകരണം ഗണ്യമായി വളര്‍ന്നതായി നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു. കുവൈത്ത് സര്‍ക്കാര്‍- ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികളിലും ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിങ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ എംബസി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് അധികൃതരുമായി അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടത്തുമെന്നും നയതന്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷവും വിദേശികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല