സ്വന്തം ലേഖകൻ: സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുസൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ധനമന്ത്രി ഫഹദ് അല്‍ ജറല്ല പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഘടന പരിഷ്കരിക്കുന്നതിനുമാണിത്.
നേരത്തേ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പുതിയ ഫീസ് സംവിധാനം ആവിഷ്കരിച്ച് നടപ്പാക്കാന്‍ ആലോചിച്ചുവരികയാണെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി കാരണം പ്രയാസം നേരിട്ടുന്നതിനാലാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമപരമായ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സികളായിരിക്കും ഈ ഫീസ് ചുമത്തുകയെന്ന് ധനമന്ത്രി പറഞ്ഞതായി അറബ് ടൈംസ് ഓണ്‍ലൈന്‍ വെളിപ്പെടുത്തി. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കും. സര്‍ക്കാര്‍ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും ഏജന്‍സികളുടെ പ്രവര്‍ത്തനം. പൊതുസൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗത്തിനുള്ള ഫീസ് സംബന്ധിച്ച നിയമം നമ്പര്‍ 79/1995 പാലിക്കുന്നത് ഉറപ്പാക്കുമെന്നും അല്‍ജറല്ല വിശദീകരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കായി സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക മേഖല വൈവിധ്യവല്‍ക്കരിക്കാന്‍ പതിനേഴാം നിയമനിര്‍മ്മാണ കാലയളവിലെ ഗവണ്മെന്റ് പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന് പാര്‍മെന്റില്‍ എംപി മുഹല്‍ഹല്‍ അല്മുദാഫിന്റെ ചേദ്യത്തിന് മറുപടിയായി ധനമന്ത്രി അറിയിച്ചിരുന്നു.
പൊതുസേവനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കുന്നതിനും നിലവിലെ ഫീസുകള്‍, പിഴത്തുകകള്‍ എന്നിവ കൃത്യമായി ലഭിക്കുന്നതിനും പുതിയ സംവിധാനം ആവിഷ്കരിക്കും. ഇതോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെ ആനുകാലിക അവലോകനവും പുനര്‍ വിലനിര്‍ണയവും ഉണ്ടാവും. നിലവിലുള്ള ഫീസ് വിലയിരുത്താനും പുനഃപരിശോധിക്കാനും ധനമന്ത്രാലയം എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്‍ജറല്ല അറിയിച്ചു.
സ്വകാര്യ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെ ഉപയോഗവും ഫീസുകളും സംബന്ധിച്ച 40/2016 നമ്പര്‍ മന്ത്രിതല പ്രമേയം ധനമന്ത്രാലയം പുനഃപരിശോധിച്ചുവരികയാണെന്നും അല്ജറല്ലയെ ഉദ്ധരിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല