
സ്വന്തം ലേഖകൻ: ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). ടെക്സ്റ്റ് മെസേജുകളിലൂടെ ജനങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമം നടത്തുന്നതായി അധികൃതർ അറിയിച്ചു. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
സിവില്‍ ഐ.ഡിയുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍, പണം നല്‍കാനായി ചില ലിങ്കുകളുമുണ്ടാകും.ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു . വ്യക്തിപരമോ ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പാസി അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അജ്ഞാത ഫോൺ കോളുകള്‍ സൂക്ഷിക്കണമെന്ന് പാസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.സംശയാസ്പദമായ നമ്പറുകളില്‍നിന്നുള്ള കോളുകള്‍ വന്നാല്‍ എടുക്കരുത്. ആ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം. അജ്ഞാതസന്ദേശങ്ങള്ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിഗതവിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഫോണിൽ മൊബൈല്‍ ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടും പണം തട്ടുന്നുണ്ട്.
അടുത്തിടെ സ്വദേശിക്ക് 5,900 ദിനാർ നഷ്ടപ്പെട്ടിരുന്നു. അടുത്തിടെയായി രാജ്യത്ത് ഇ-ക്രൈമുകൾ കുടുന്നതായാണ് റിപോർട്ടുകള്‍. ഇതില്‍ വലിയ ശതമാനവും ഫോണ്‍ വഴിയാണ്. സംശയാസ്പദമായ സന്ദേശങ്ങളോ, കോളുകളോ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും ഉടന്‍ സൈബർ ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ വാട്ട്സ്ആപ്പ് (97283939) നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല