സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ ജോലി സമയം കൊണ്ടുവരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിര്‍ദ്ദേശമനുസരിച്ച് രാവിലെ ഏഴ് മുതല്‍ ഒമ്പത് മണിയുടെ ഇടയില്‍ ഓഫീസുകള്‍ ആരംഭിക്കും . തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഉച്ചക്ക് ഒന്നര മുതല്‍ വൈകീട്ട് മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം.
ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, ആവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും ജോലിയുടെ സ്വഭാവമനുസരിച്ച് സർക്കാർ കാര്യലയങ്ങളിലെ മേധാവികള്‍ക്ക് അനുയോജ്യമായ പ്രവൃത്തി സമയം നിർണ്ണയിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങള്‍. പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല