1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2024

സ്വന്തം ലേഖകൻ: കുവൈറ്റില്‍ റസിഡന്‍സ് വീസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിന്റെ പ്രതിവാര യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

കുവൈറ്റിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റു താമസ ഇടങ്ങളിലുമുള്ള വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുകയും പുറത്താക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള വിദേശികളുടെ താമസാവകാശം സംബന്ധിച്ച കരട് ഉത്തരവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ 36 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

എന്‍ട്രി വീസ, റസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വീസ കച്ചവടം, വീസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. പ്രവാസിയുടെ റസിഡന്‍സ് വീസ, താല്‍ക്കാലിക വീസ, വീസിറ്റ് വീസ എന്നിവയുടെ കാലാവധി തീരുകയും വീസ പുതുക്കാതെ പ്രവാസി രാജ്യത്ത് തന്നെ തുടരുകയും ചെയ്യുന്ന പക്ഷം അക്കാര്യം പ്രവാസികളുടെ സ്‌പോണ്‍സര്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിലെ മറ്റൊരു പ്രധാന കാര്യം.

നാഷണല്‍ ഗാര്‍ഡിന്റെ (കെഎന്‍ജി) മേധാവിയായി ശെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹിനെ നിയമിക്കുന്നതിനുള്ള കരട് ഉത്തരവിനും മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ കുവൈത്ത് സന്ദര്‍ശനത്തെ കുവൈത്ത് കാബിനറ്റ് അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ കുവൈത്ത് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിച്ചതായി മന്ത്രിസഭാ യോഗം വിലയിരുത്തിയതായി കുവൈത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുല്‍റഹ്‌മാന്‍ അല്‍ മുതൈരി പറഞ്ഞു.

പുതുതായി നിയമിതനായ നീതിന്യായ മന്ത്രി നാസര്‍ യൂസഫ് അല്‍ സുമൈത്തിനെ മന്ത്രിസഭയിലേക്ക് ആക്ടിങ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. കുവൈത്തിലെ വിദ്യാഭ്യാസ വികസനത്തിനുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി ജലാല്‍ അല്‍ തബ്തബായി മന്ത്രിസഭ മുൻപാകെ വിശദീകരിച്ചു. വഞ്ചനയിലൂടെയും വ്യാജരേഖ ചമച്ചും സമ്പാദിച്ച ചില വ്യക്തികളില്‍ നിന്ന് കുവൈത്ത് പൗരത്വം നഷ്ടപ്പെടുകയും പിന്‍വലിക്കുകയും ചെയ്ത കേസുകള്‍ ഉള്‍പ്പെടുന്ന കുവൈത്ത് പൗരത്വത്തിന്റെ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ മിനിറ്റ്സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.