1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവില്‍ മാറ്റം വരുത്താന്‍ കുവൈത്ത്. ഇതിനായുള്ള നിര്‍ദേശം കുവൈത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. അല്‍- റായ് അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ചവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്നിവരുടെ ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച് ചില തീരുമാനങ്ങള്‍ ആരോഗ്യ മന്ത്രാലയം എടുത്തേക്കുമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം പൂര്‍ത്തിയാക്കാത്തവര്‍ക്കും ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി കുറയ്ക്കാനാണ് പുതിയ തീരുമാനമെന്ന് അല്‍ റായ് അറബിക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്കും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കും 14 ദിവസത്തേക്കാണ് ക്വാറന്റൈന്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

രാജ്യത്ത് പ്രവേശന വിലക്ക് ഉണ്ടാകുമോയെന്ന കാര്യത്തില്‍ കുവൈത്ത് വ്യക്തത വരുത്തിയിരുന്നു. മന്ത്രിമാരുടെ കൗണ്‍സിലിന് കൊറോണ അത്യാഹിതത്തിന് വേണ്ടിയുള്ള മിനിസ്റ്റീരിയല്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്ത് പ്രവേശന വിലക്ക് നടപ്പിലാക്കുന്നില്ലെന്നാണ് കമ്മിറ്റിയുടെ തീരുമാനം.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സംവിധാനം അനുസരിച്ച്, രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ കോവിഡ് അണുബാധ ഉണ്ടോയെന്ന് കണ്ടെത്തുന്നത് ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സൂക്ഷ്മവും കര്‍ശനവുമാണ്. അതില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ആവശ്യമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് അജണ്ടയിലില്ല. എന്നാല്‍, പകര്‍ച്ചവ്യാധി സാഹചര്യം സ്ഥിരത കൈവരിക്കാതിരിക്കുകയും തീവ്രപരിചരണ വിഭാഗങ്ങളിലും കൊറോണ വാര്‍ഡുകളിലും രോഗികളുടെ എണ്ണം ഉയരുകയും ചെയ്താല്‍ രാജ്യത്ത് നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോട്ടലുകളിലും റസിഡന്‍ഷ്യല്‍ മേഖലകളിലുമുളള ബാങ്ക്വിറ്റ് ഹാളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ടെന്റുകളില്‍ വിവാഹ പാര്‍ട്ടികള്‍ക്കും അനുമതി നല്‍കില്ല. സെമിത്തേരികളില്‍ അനുശോചനം അറിയിക്കുന്നതിനുള്ള കൂടിച്ചേരലിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്തവരെ പ്രവശിപ്പിക്കരുതെന്നും ശരീരതാപനില പരിശോധിക്കണമെന്നും മാസ്‌ക് ധാരണം ഉറപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ സ്ഥാപന നടത്തിപ്പുക്കാര്‍ക്ക് നിര്‍ദേശം നല്‍കി. വാക്‌സിന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഇമ്യൂണ്‍ അല്ലെങ്കില്‍ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പ് പരിശോധിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.