1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2022

സ്വന്തം ലേഖകൻ: ശക്തമായ മഴയെ തുടര്‍ന്ന് കുവൈത്തിലെ പ്രധാന ഭൂഗര്‍ഭ പാതകളായ അല്‍ ഗസ്സാലി, അല്‍ ജഹ്റ ഇന്‍ഡസ്ട്രിയല്‍, ഫഹാഹീലിലേക്കു പോകുന്ന മന്‍ഗഫ് എന്നീ ടണലുകള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ടണലുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇവ അടച്ചതെന്ന് ഹൈവേ വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ മുഹമ്മദ് അല്‍ ഖസ്വൈനി അറിയിച്ചു.

ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അവയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതായും തടസ്സം നീക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗതം തിരിച്ചുവിടുന്നതിനായി പ്രധാന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂപപ്പെട്ട സാഹചര്യത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും റോഡുകള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്. വാഹനവുമായി പുറത്തിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്. അതിനാല്‍, അടിയന്തര ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. എന്തെങ്കിലും അപകട സാധ്യത മുന്നില്‍ക്കണ്ടാല്‍ ഉടന്‍ തന്നെ 112 എന്ന എമര്‍ജന്‍സി നമ്പറിലോ 180400 എന്ന സിവില്‍ ഡിഫന്‍സ് ഓപറേഷന്റെ നമ്പറിലോ വിളിക്കണമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

നിലവില്‍ പെയ്യുന്ന ശക്തമായ മഴ ഞായറാഴ്ച രാത്രിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാത്രി വൈകുന്നതോടെ മഴയുടെ ശക്തി കുറയും. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത ഇടിയോടു കൂടിയായിരിക്കും രാത്രിയില്‍ മഴ പെയ്യുകയെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അറിയിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ശക്തമായ മഞ്ഞു വീഴ്ച തിങ്കാളാഴ്ചയും തുടരുമെന്നതിനാല്‍ റോഡുകളിലെ കാഴ്ചാ പരിധി കുറവായിരിക്കും. വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.