സ്വന്തം ലേഖകന്‍: കുവൈത്തില്‍ 21 തൊഴില്‍ മേഖലകളില്‍ വിദേശ റിക്രൂട്ട്‌മെന്റ് നിരക്ക് ഉയര്‍ത്തി. ഇതോടെ സ്വദേശി സംവരണത്തിനു ശേഷമുള്ള തസ്തികകളില്‍ മുഴുവന്‍പേരെയും വിദേശത്തുനിന്ന് കൊണ്ടുവരാം. 18 മേഖലകളില്‍ നിലവിലുള്ളതുപോലെ 25% പേരെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരാമെന്നും അറിയിപ്പില്‍ പറയുന്നു.
നിലവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി നിയമനത്തിനു ശേഷമുള്ള തസ്തികകളില്‍ നിയന്ത്രണവിധേയമായാണു തൊഴില്‍ വീസ അനുവദിക്കുന്നത്. അതില്‍ത്തന്നെ 25% പേരെ മാത്രമേ വിദേശത്തുനിന്നു നേരിട്ടു റിക്രൂട്ട് ചെയ്യാനാകൂ. കുവൈത്തില്‍ തങ്ങുന്ന വിദേശികളില്‍നിന്നു വേണം ശേഷിക്കുന്നവരെ കണ്ടെത്താന്‍. ഈ വ്യവസ്ഥയില്‍നിന്ന് 21 വിഭാഗങ്ങളെ ഒഴിവാക്കുന്നതോടെ വിദേശികള്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയാണ്.
ഡോക്ടര്‍, നഴ്‌സ് തസ്തികകളില്‍ നിലവില്‍ വീസ നിയന്ത്രണമില്ല. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് നിയമനം സാധ്യമാകണമെങ്കില്‍ കുവൈത്തുമായി പുതിയ ധാരണയില്‍ എത്തണം. കേരളത്തില്‍നിന്നുള്ള നോര്‍ക്ക, ഒഡെപെക് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയിലാണ്. മന്ത്രി ടി.പി.രാമകൃഷ്ണന്‍ നയിക്കുന്ന ഒഡെപെക് സംഘം കുവൈത്ത് ആരോഗ്യമന്ത്രാലയ അധികൃതരെ കണ്ട് ചര്‍ച്ച നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല