സ്വന്തം ലേഖകൻ: റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും.
നേരത്തെ റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് റോഡുകളില്‍ അനുഭവപ്പെടുന്നത്.
അതിനിടെ റമദാന് മാസം അടുത്തതോടെ രാജ്യത്തെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിന്റെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ വില നിരീക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി.
ഇന്നലെ നടത്തിയ പരിശോധനയില്‍ ഷുവൈഖ് പ്രദേശത്തെ ഈന്തപ്പഴം, ഭക്ഷ്യവസ്തുക്കള്‍, ഉള്‍പ്പെടെയുള്ളവ വില്‍പ്പന നടത്തുന്ന സ്റ്റോറുകളിലും മാര്‍ക്കറ്റുകളിലും അവയുടെ ലഭ്യത, ഈടാക്കുന്ന വില, സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങിയ സംഘം നിരീക്ഷിച്ചു.
റമദാനില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെയും വില നിയന്ത്രണം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് സ്ഥാപന ഉടമകളെ ബോധ്യപ്പെടുത്തിയതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല