സ്വന്തം ലേഖകൻ: വീസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) സഹകരണത്തോടെ പരിശോധനാ, ബോധവൽക്കരണ ക്യാംപെയ്ൻ നടത്താനും പദ്ധതിയുണ്ട്.
സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതം നോക്കിയാണ് പുതിയ വീസ അനുവദിക്കുക. വീസ അപേക്ഷ ലഭിച്ചാൽ സ്ഥാപനത്തിന് പ്രസ്തുത തസ്തിക ആവശ്യമുണ്ടോ എന്നു പരിശോധിച്ചാണ് നടപടി. കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം കുറ്റമറ്റ രീതിയിൽ റിക്രൂട്ടിങ് നിയമം പരിഷ്കരിക്കും.
വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ രാജ്യത്ത് പ്രവാസികള്‍ ജനസംഖ്യയുടെ താളം തെറ്റിക്കുന്നുവെന്നും രാജ്യത്തിന്റെ വിഭവങ്ങള്‍ ഊറ്റിക്കുടിക്കുന്നുവെന്നുമുള്ള ആരോപണം ശക്തമായ കുവൈത്തില്‍ പ്രവാസികള്‍ക്കെതിരായ നടപടികളും കടുപ്പിക്കുന്നു.
വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ ഉടന്‍ തന്നെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഈ രീതിയില്‍ ഗുരുതര ഗതാഗത നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മറ്റു നടപടികള്‍ക്കൊന്നും അവസരം നല്‍കാതെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല