![](https://www.nrimalayalee.com/wp-content/uploads/2020/08/Covid-19-Kuwait-Indian-Embassy-Emergency-Helpline-Numbers.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചു ഇന്ത്യന്‍ എംബസിയും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും തമ്മില്‍ ചര്‍ച്ച ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയും ഇതു സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി.
കുവൈത്തിന് ആവശ്യം സാങ്കേതിക വിദഗ്ധരെയാണ്, അതിന് വേണ്ടി പ്രഥമ പരിഗണന നല്കുന്നതു ഇന്ത്യയില്‍ നിന്നും തൊഴില്‍ വിദഗ്ദരും പരിചയ സമ്പന്നരുമായവരെ റിക്രൂട്ട് ചെയ്യുന്നതിനാണ് ആലോചിക്കുന്നതെന്നും അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യവും പുരോഗതിയും മുന്‍നിര്‍ത്തിയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഇന്ത്യന്‍ സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ മാന്‍ പവര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കൂടാതെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നഴ്സുമാരുടെ പ്രശ്നങ്ങള്‍, ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ധാരണപത്രം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നും ഇരുപക്ഷവും സ്ഥിരമായി ആശയവിനിമയം നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഇന്ത്യയും കുവൈത്തും തമ്മില്‍ തുടരുന്ന പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ചര്‍ച്ചയില്‍ ധാരണയിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല