1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ റസിഡന്‍സി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈത്ത്. വിസിറ്റ് വീസകളിലും റസിഡന്‍സി വീസകളിലും പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട താമസ നിയമത്തിലെ പ്രധാന ഭേദഗതികള്‍ക്ക് നാഷണല്‍ അസംബ്ലിയുടെ ആഭ്യന്തര- പ്രതിരോധ കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.

രാജ്യത്ത് വിസിറ്റ് വീസയില്‍ എത്തിയവര്‍ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തിന് പുറത്ത് കടന്നില്ലെങ്കില്‍ ശക്തമായ ശിക്ഷയാണ് പുതിയ ഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 2,000 ദിനാര്‍ അഥവാ 54,000ത്തോളം രൂപ വരെ പിഴയുമാണ് പുതിയ ഭേദഗതിപ്രകാരം ലഭിക്കുക.

ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിയമം ലഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ക്കശമാക്കുന്നതിലൂടെ വിസിറ്റ് വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്നത് തടകുയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിസിറ്റ് വീസയിലുള്ള വിദേശികള്‍ക്ക് മൂന്ന് മാസത്തേക്ക് രാജ്യത്ത് തങ്ങാന്‍ അവസരം നല്‍കും. വിസിറ്റ് വീസ കാലാവധി തീരുന്നതിനു മുമ്പ് റസിഡന്‍സി വീസയിലേക്ക് മാറാനും അനുമതിയുണ്ട്. എന്നാല്‍ മൂന്നു മാസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യത്തു നിന്ന് പുറത്തുപോകണമെന്ന് നിയമം കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തവര്‍ക്കാണ് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുക.

പുതിയ നിയമഭേദഗതി ശുപാര്‍ശ പ്രകാരം വിസിറ്റ് വീസയ്ക്കു പുറമെ, താമസ വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. റസിഡന്‍സി വീസ ലംഘിക്കുന്നവര്‍ ആദ്യ മാസത്തില്‍ പ്രതിദിനം രണ്ട് ദിനാര്‍ പിഴ അടക്കണം. എന്നാല്‍ രണ്ടാം മാസം മുതല്‍ പ്രതിദിന പിഴ നാലു ദിനാറായി ഉയരും.

നിലവില്‍ രണ്ടാം മാസവും രണ്ട് ദിനാര്‍ തന്നെയാണ് അടയ്‌ക്കേണ്ടത്. വിദേശി മാതാപിതാക്കളുടെ നവജാത ശിശുക്കള്‍ക്ക് നാല് മാസത്തിനകം റെസിഡന്‍സ് വീസ ലഭ്യമാക്കണമെന്നും പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നുണ്ട്. നാലു മാസം കഴിഞ്ഞാല്‍ അതിനു ശേഷമുള്ള ആദ്യ മാസത്തില്‍ പ്രതിദിനം രണ്ട് ദിനാറും രണ്ടാം മാസം മുതല്‍ നാലു ദിനാറും പിഴ നല്‍കേണ്ടിവരും.

വീസയില്‍ പറഞ്ഞിരിക്കുന്നതും റിക്രൂട്ടിംഗ് കമ്പനിക്കു കീഴിലുള്ളതുമായ ജോലികളില്‍ മാത്രമേ വിദേശികള്‍ ഏര്‍പ്പെടാവൂ എന്നും നിയമം അനുശാസിക്കുന്നു. ഈ നിയമം ലംഘിച്ച് മറ്റുള്ള കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കടുത്ത പിഴയാണ് പുതിയ നിയമ ഭേദഗതി നിര്‍ദ്ദേശത്തിലുള്ളത്.

3000 ദിനാര്‍ അഥവാ 80,000ത്തിലേറെ രൂപയാണ് ഇവരില്‍ നിന്നും പിഴയായി ഈടാക്കുക. വിദേശ നിക്ഷേപകര്‍ക്കും ഭൂവുടമകള്‍ക്കും 10 മുതല്‍ 15 വര്‍ഷം വരെ ദീര്‍ഘകാല റെസിഡന്‍സി വീസയും പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും. ഇത്ര തന്നെ കാലയളവിലേക്ക് ഇവ പുതുക്കുകയും ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.