സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട നിയമത്തിൽ സമൂലമായ മാറ്റത്തിനു വഴിയൊരുങ്ങുന്നു. ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം റെസിഡൻസി നിയമപരിഷ്‌കരണത്തിന് നീക്കം നടത്തുന്നത്. രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കുക, സ്വദേശികളും വിദേശികളും തമ്മിൽ ജനസംഖ്യയിലും തൊഴിൽ ശേഷിയിലുമുള്ള അന്തരം കുറക്കുക, കുവൈത്ത് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് നിയമനിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അവിദഗ്ധ ജോലിക്കാർക്ക് താമസാനുമതി നൽകുന്നത് നിയന്ത്രിക്കാനും, അന്താരാഷ്ട വേദികളിൽ കുവൈത്തിന് ഏറെ അവമതിപ്പുണ്ടാക്കുന്ന മനുഷ്യക്കടത്ത് വിസക്കച്ചവടത്തിനുമെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കാനും റെസിഡൻസി നിയമപരിഷ്‌കരണത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
സ്‌പോൺസറിൽനിന്ന് ഒളിച്ചോടി വരുന്നവർക്ക് അഭയമോ ജോലിയോ നൽകുന്നവർക്കും കടുത്ത ശിക്ഷയാണ് നിർദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇത്തരം നടപടികൾക്ക് അയ്യായിരം മുതൽ അമ്പതിനായിരം ദിനാർ വരെ ആയിരിക്കും പിഴ ചുമത്തുക. സർക്കാർ പദ്ധതികൾക്കായി വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും കടുത്തതാകും. നിയമം പ്രാബല്യത്തിലായാൽ പ്രൊജക്റ്റ് വിസയിൽ വരുന്ന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസിറന്‌സിനു പുറമെ 500 ദിനാർ സെക്യൂരിറ്റി തുകയായും തൊഴിലുടമ അടക്കേണ്ടിവരും.
പ്രൊജക്റ്റ് പൂർത്തിയാകുമ്പോൾ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകൾക്കാണ് ഈ തുക ഉപയോഗിക്കുക. തൊഴിലാളികൾക്ക് കൃത്യമായി ശബളം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിർദ്ദിഷ്ട താമസനിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ടെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയം തയാറാക്കിയ കരട് ബിൽ പുതിയ പാർലിമെന്റ് നിലവിൽ വന്ന ശേഷം ചർച്ച ചെയ്തു നിയമമാക്കാനാണ് സർക്കാർ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല