സ്വന്തം ലേഖകൻ: റസിഡൻഷ്യൽ ഏരിയകളിൽനിന്ന് സ്വകാര്യ വിദ്യാലയങ്ങൾ മാറ്റുന്നു. ഇതിനായുള്ള നിർദേശത്തിന് കുവൈത്ത് മുനിസിപ്പല്‍ അധികൃതര്‍ അംഗീകാരം നല്കി. വിദ്യാലയങ്ങൾ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തെ സമയമാണ് നല്‍കുക. ഈ കാലയളവില്‍ പാർപ്പിട മേഖലകളിൽനിന്നും സ്കൂളുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ജഹ്റ, ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളില്‍ സ്കൂളുകൾക്കായി നേരത്തെ സർക്കാർ സൈറ്റുകൾ അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങള്‍ റസിഡൻഷ്യൽ ഏരിയകളിൽനിന്ന് മാറ്റേണ്ടിവരും. മലയാളി മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകൾ അടക്കം നിരവധി സ്കൂളുകൾ നിലവിൽ റസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ താമസ വാടക ഇനത്തിലെ വന്‍ വര്‍ധന കുവൈത്തിലെ പ്രവാസികളുടെ നടുവൊടിക്കുന്നു. ഭൂരിഭാഗം പ്രവാസികള്‍ക്കും ശമ്പളത്തിന്റെ 30 ശതമാനമാണ് ഈ ഇനത്തിലേക്ക് മാത്രമായി നീക്കിവയ്ക്കേണ്ടിവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വര്‍ധിച്ച അപ്പാര്‍ട്ട്മെന്റ് വാടക കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ കീശ ചോര്‍ത്തുകയാണ്. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളുടെയും പ്രതിമാസ ശമ്പളം 125 കുവൈത്ത് ദിനാറില്‍ (33,878 രൂപ) കുറവാണ്. ഇവര്‍ക്ക് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുക്കുമ്പോള് കാര്യമായ സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല