
സ്വന്തം ലേഖകൻ: രാജ്യത്ത് പാര്‍പ്പിട മേഖലയില്‍ സുരക്ഷാ പരിശോധന ശക്തമാക്കുന്നു. അർധരാത്രിക്ക് ശേഷം എല്ലാ ഗവർണറേറ്റിലും ജനവാസ കേന്ദ്രങ്ങളിലും സുരക്ഷാ ചെക്ക്പോയന്റുകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷ കാര്യങ്ങളുടെ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന.
സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധരെ പിടികൂടുന്നതിനുമായി പാർപ്പിട, വാണിജ്യ മേഖലകളുടെ കവാടങ്ങളിലാകും സുരക്ഷ ചെക്ക്പോയന്റുകൾ പ്രവർത്തിക്കുക. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
മൻഗഫിലെ ദാരുണമായ തീപിടിത്തത്തെ തുടർന്ന് കെട്ടിട നിയമങ്ങൾ കൾശനമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കിയ അധികൃതർ നിയമവിരുദ്ധ നിർമാണങ്ങൾ പൊളിച്ചു നീക്കലും തുടരുകയാണ്. കെട്ടിട ഉടമകളോട് നിർമാണങ്ങൾ നീക്കാനും ആവശ്യപ്പെടുന്നുണ്ട്.
താമസ അപ്പാർട്ട്മെന്റുകളിലെ അനാവശ്യ വസ്തുക്കൾ ഒഴിവാക്കാനും വരാന്തയിലും ഗോവണിപ്പടികളിലും ബേസ്മെന്റുകളിലും സൂക്ഷിച്ച ഷൂ റാക്ക് അടക്കമുള്ള വസ്തുക്കൾ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന വസ്തു ഉടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന നിർദേശം വന്നതോടെ പല വാടകക്കാർക്കും സാധനങ്ങൾ ഒറ്റരാത്രികൊണ്ട് ഒഴിവാക്കേണ്ടി വന്നു.
വാടകക്കാർ അനാവശ്യ വസ്തുക്കൾ ഒഴിവാക്കാൻ ആരംഭിച്ചതോടെ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങൾ വർധിക്കാനും ഇടയായി. ഉപേക്ഷിക്കുന്ന വസ്തുക്കളുടെ അളവ് കൂടുതലായതിനാൽ തങ്ങളുടെ ജോലിഭാരം വർധിച്ചതായി മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ പറഞ്ഞു.
കെട്ടിടങ്ങളുടെ താഴെയുള്ള ഗ്ലാസ് പാളികളും വാതിലുകളും നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. ബേസ്മെന്റുകളിലെ ഹാളുകളും മറ്റും തീപിടിത്തമുണ്ടായാൽ താമസക്കാരെ ഒഴിപ്പിക്കാൻ ഇവ തടസ്സമാകും എന്നതിനാലാണിത്. അനധികൃത സ്റ്റുഡിയോകളിൽ താമസിക്കുന്ന വാടകക്കാരെ നോട്ടീസ് കൂടാതെ കുടിയൊഴിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല