സ്വന്തം ലേഖകൻ: കുവൈത്തില്‍ യാത്ര വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ഗതാഗത പിഴ ബാക്കിയുള്ളവര്‍ക്കും, വൈദ്യതി-ജല കുടിശ്ശിക ഉള്ളവര്‍ക്കും, ടെലിഫോണ്‍ ബില്‍ ബാക്കിയുള്ളവര്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചത്.
പുതിയ സേവനം വരുന്നതോടെ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികള്‍ക്കും യാത്രക്ക് മുമ്പായി വിലക്ക് ഉണ്ടോയെന്ന് അറിയുവാന്‍ കഴിയും. അതോടപ്പം സിവിൽ കേസുകളെ തുടർന്നുള്ള യാത്ര വിലക്ക് വിവരങ്ങളും സഹേല്‍ ആപ്പ് വഴി അറിയുവാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം സഹേൽ ആപ്പ് പുറത്തിറക്കിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറുക്കണക്കിന് സേവനങ്ങള്‍ ആപ്പില്‍ നിലവില്‍ ലഭ്യമാണ്.
അതേസമയം കുവൈത്തിൽ നിയമലംഘകർക്കെതിരെയുള്ള പരിശോധന കർശനമാക്കിയതോടെ നാടുകടത്തൽ കേന്ദ്രങ്ങൾ (ഡീപോർട്ടേഷൻ സെന്റർ) നിറഞ്ഞുകവിഞ്ഞു. പ്രവർത്തിക്കാത്ത 2 സ്കൂളുകൾ കൂടി നാടുകടത്തൽ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജിലീബ്, ഖൈത്താൻ എന്നീ പ്രദേശങ്ങളിലെ വിദ്യാലയങ്ങളാണ് ഡീപോർട്ടേഷൻ സെന്ററാക്കി മാറ്റുക.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുന്നതോടെ കൂടുതൽ പേർ പിടിയിലാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ജിലീബ് അൽ-ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ, മഹ്ബൂല, അംഘറ, അൽ മസ്റാ, അൽ ജവാഖിർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. നിയമ ലംഘകർക്ക് താമസം, ജോലി എന്നിവ നൽകുന്നവർക്കെതിരെയും വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല