സ്വന്തം ലേഖകൻ: ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ സംവിധാനം വഴി 24 മണിക്കൂർ സേവനം ലഭ്യമാക്കുകയും, വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സഹേൽ ആപ്പ് വഴിയുള്ള വാഹന കൈമാറ്റം നടത്താൻ, വാഹനം കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നയാൾ ആപ്പിലെ ട്രാഫിക് വകുപ്പിന്‍റെ സർവീസസ് വിഭാഗത്തിൽ വാഹന നമ്പർ നൽകി അപേക്ഷ സമർപ്പിക്കണം. തുടർന്ന്, വാഹനം വാങ്ങുന്നയാളുടെ സിവില്‍ ഐഡി നൽകിയാൽ മന്ത്രാലയത്തിന്‍റെ അറിയിപ്പ് വാങ്ങുന്നയാൾക്ക് ലഭിക്കും.
ഇതിന് ശേഷം ഇൻഷുറൻസ്, ഫീസ് അടയ്ക്കൽ, വിൽപനക്കാരൻ വാഹനത്തിന്‍റെ വില ലഭിച്ചുവെന്ന തെളിവ് സമർപ്പിക്കൽ എന്നീ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കുവൈത്ത് മൊബൈൽ ഐഡി വഴി ഇതിനെ അംഗീകരിക്കണം. അംഗീകാരത്തിന് ശേഷം ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിക്കും. പുതിയ വാഹന രജിസ്ട്രേഷൻ ഡിജിറ്റൽ വാലറ്റിലേക്ക് ഡൗൺലോഡ് ചെയ്യുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗതാഗത രംഗത്ത് മന്ത്രാലയം നിരവധി പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വാഹന കൈമാറ്റത്തിൽ തട്ടിപ്പുകൾ തടയാൻ, 1500 കെ.ഡിയിൽ അധികമുള്ള ഇടപാടുകൾ കെ.നെറ്റ് വഴി നടത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ പുതിയ സംവിധാനം വാഹന കൈമാറ്റം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുകയും, പേപ്പർലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല