1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ പൗരന്മാര്‍ക്ക് വിദേശ തൊഴിലാളികളുടെ ഇരട്ടി ശമ്പളം ലഭിക്കുന്നതായി കണക്കുകള്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കാണിത്. രാജ്യത്ത് പൗരന്മാരും വിദേശികളുമായും പുരുഷന്മാരും സ്ത്രീകളുമായും പൊതു- സ്വകാര്യ മേഖലകളില്‍ വേതന അന്തരം കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈത്ത് തൊഴില്‍ വിപണിയില്‍ വേതനം പ്രതിമാസം 1,490 ദിനാര്‍ ആണ്. അതേസമയം, കുവൈത്ത് പൗരന്മാരല്ലാത്ത വിദേശികളുടെ വേതനം 331 ദിനാര്‍ ആണ്. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ ശരാശരി 1539 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 732 ദിനാര്‍ ശമ്പളം വാങ്ങുന്നതായി സ്ഥിതിവിവര കണക്കുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം, കുവൈത്ത് പൗരന്മാര്‍ സ്വകാര്യ മേഖലയില്‍ ശരാശരി പ്രതിമാസം 1252 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 311 ദിനാര്‍ ആണ് നേടുന്നത്. സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കുവൈത്തിലെ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വേതന അന്തരമുണ്ട്. കുവൈത്ത് പുരുഷന്മാര്‍ക്ക് ശരാശരി 1801 ദിനാര്‍ വേതനം ലഭിക്കുന്നു. ഇത് 1261 ദിനാര്‍ സമ്പാദിക്കുന്ന കുവൈത്ത് സ്ത്രീകളേക്കാള്‍ 540 ദിനാര്‍ കൂടുതലാണ്.

അതേസമയം, കോവിഡ് മഹാമാരിയുടെ സമയത്ത് 97,802 ഇന്ത്യക്കാര്‍ രാജ്യം വിട്ടതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈത്ത് വിട്ട ഇന്ത്യക്കാരില്‍ ചിലര്‍ മാത്രമാണ് രാജ്യത്തേക്ക് തിരികെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ പ്രകാരം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 700,000 ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളെ മഹാമാരി സമയത്ത് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള വിമാനങ്ങള്‍ പതിവായി സര്‍വീസ് നടത്തുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇന്ത്യയിലേക്ക് പോയ തൊഴിലാളികള്‍ തിരികെയെത്തി.

അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം, യുഎഇയില്‍ നിന്ന് 330,058, സൗദി അറേബ്യ- 137,900, കുവൈത്ത്- 97,802, ഒമാന്‍- 72,259, ഖത്തര്‍- 51,190, ബഹ്റൈന്‍- 27,453 എന്നിങ്ങനെയാണ് ഇന്ത്യയിലേക്ക് തൊഴിലാളികള്‍ മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.