സ്വന്തം ലേഖകൻ: കുവൈത്തിലെയും ഖത്തറിലെയും പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കുന്ന കാര്യത്തിൽ യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ യൂറോപ്യൻ പാർലമെന്റിന്റെ പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റി ഇരുരാജ്യങ്ങൾക്കും അനുകൂലമായി വോട്ടുചെയ്തു.
42 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം. 16 എതിർവോട്ടുകളും രേഖപ്പെടുത്തി. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കുവൈത്ത്, ഖത്തർ പൗരന്മാർക്ക് വിസരഹിതമായി സഞ്ചരിക്കാൻ കഴിയും.
വിഷയത്തിൽ ഈ മാസം 17ന് യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെ കുവൈത്തിൽ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കിയത് രാഷ്ട്രീയ ചർച്ചയാവുകയും വോട്ടെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു. കുവൈത്തിലെ വധശിക്ഷക്കെതിരെ യൂറോപ്യൻ യൂനിയനും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസും രംഗത്തെത്തുകയുമുണ്ടായി. ഇതിനുപിറകെയാണ് നേരത്തെ വോട്ടെടുപ്പ് മാറ്റിവെച്ചത്.
എന്നാൽ, ഇതിനെതിരെ കുവൈത്തും അറബ് പാർലമെന്റും ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിധികളിലുമുള്ള ഇടപെടലായാണ് കുവൈത്ത്, യൂറോപ്യൻ യൂനിയൻ പ്രതികരണങ്ങളെ വിലയിരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വ്യാഴാഴ്ച യൂറോപ്യൻ പാർലമെന്റ് കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നത്.
അതേസമയം, വധശിക്ഷ നിർത്തിവെക്കണമെന്ന ഉപാധി കുവൈത്തിനുമുമ്പാകെ വെച്ചിട്ടുണ്ട്. പരസ്പര ചർച്ചകളിലൂടെ ഇതിൽ തീരുമാനമാകുന്ന മുറക്കാകും കുവൈത്തിന് വിസ അനുവദിച്ചുതുടങ്ങുകയെന്ന് അൽ റായി പത്രം റിപ്പോർട്ടു ചെയ്തു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമോ വിഷയത്തിൽ കുവൈത്തിന്റെ പ്രതികരണമോ വന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല