1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ സെപ്റ്റംബറോടെ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനം. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ അടച്ചിട്ട ശേഷം ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നടന്നുവന്നിരുന്നത്. എന്നാല്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതോടെ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ട് ഷിഫ്റ്റുകളിലായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ആദ്യ ഷിഫ്റ്റ് നിലവിലെ രാവിലെ ഏഴു മണിക്ക് പകരം 7.30ന് ആരംഭിക്കും. ഒന്നാമത്തെയും രണ്ടാമത്തെയും ഷിഫ്റ്റുകള്‍ക്കിടയിലെ ഇടവേള നിലവിലെ 10 മിനുട്ടില്‍ നിന്ന് അര മണിക്കൂറായി വര്‍ധിപ്പിക്കും. രാവിലെ 11.10ഓടെയാണ് രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുക. രണ്ട് ഷിഫ്റ്റുകളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഇടകലരാനുള്ള സാധ്യത കണക്കിലെടുത്താണിത്. ആദ്യ ഷിഫ്റ്റിനു ശേഷം കുട്ടികള്‍ പുറത്തുപോകുന്നതും രണ്ടാമത്തെ ഷിഫ്റ്റിലെ കുട്ടികള്‍ വരുന്നതും ക്രമീകരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടും.

കുട്ടികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സില്‍ പരമാവധി 20 കുട്ടികളെ മാത്രമേ അനുവദിക്കൂ. സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ നിയമം ബാധകമാണ്. അതേസമയം, വാക്‌സിന്‍ എടുക്കാത്തവരോ ഒരു വാക്‌സിന്‍ മാത്രം എടുത്തവരോ ആയ കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വാക്‌സിനേഷന്‍ കാംപയിന്‍ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിരോധ ശേഷി കൈവരുന്ന പക്ഷം സധാരണ രീതിയിലേക്ക് ക്ലാസ്സുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ക്ലാസ്സുകള്‍ തുടങ്ങുന്നതിന് മുമ്പായി പരമാവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു.

അതിനിടെ കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശി അധ്യാപകരെ മടക്കി കൊണ്ടു വരുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചു. ഇതനുസരിച്ചു കുവൈത്ത് ഡി.ജി.സി.എ അധികൃതര്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ചു തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ആവശ്യപ്പെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതനുസരിച്ചു രാജ്യത്തിനു പുറത്തു കുടുങ്ങി കിടക്കുന്ന 2,000 വിദേശ അധ്യാപകര്‍ എത്രയും വേഗം കുവൈത്തില്‍ മടങ്ങി എത്താന്‍ സാധിക്കും. അധ്യാപകര്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും കൊറോണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ആരോഗ്യ സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ പി.സി.ആര്‍ പരിശോധനയും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.