സ്വന്തം ലേഖകൻ: അവധിക്കുശേഷം രാജ്യത്തെ സ്വകാര്യ വിദേശ സ്കൂളുകൾ ഞായറാഴ്ച തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ എല്ലാ സ്കൂളുകളും പുർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർഥികൾ കുവൈത്തിൽ പഠിക്കുന്നത്. പല സ്കൂളുകളിലും ഓഫിസ് പ്രവർത്തനം ബുധനാഴ്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്.
വേനലവധിക്കാലത്ത് സ്കൂൾ പരിപാലനം, അധിക ക്ലാസ് മുറികൾ സ്ഥാപിക്കൽ, പെയിന്റിങ്, നവീകരണ ജോലികൾ എന്നിവ ഉൾപ്പെടെ എല്ലാ തയാറെടുപ്പ് ജോലികളും പൂർത്തിയാക്കിയാണ് സ്കൂൾ അധികൃതർ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. വിദേശ സ്കൂളുകൾ തങ്ങളുടെ രാജ്യങ്ങളിലെ എംബസികളിൽ നിന്ന് പാഠപുസ്തകങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അധ്യയന വർഷത്തിന്റെ ആദ്യ ദിവസം വിദ്യാർഥികൾക്ക് ഇവ കൈമാറുമെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വിദേശ സ്കൂളുകളിലെയും കമ്യൂണിറ്റി സ്കൂളുകളിലെയും രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ വർഷം ബാധകമാക്കിയ ട്യൂഷൻ ഫീസ് അനുസരിച്ചാണ് നടന്നത്. കുട്ടികളുടെ രജിസ്ട്രേഷനും അംഗീകൃത വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായാണ് നടക്കുക. എന്നാൽ, സാധുവായ താമസാവകാശമില്ലാത്ത വിദ്യാർഥികൾക്ക് സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി, നാട്ടിൽ പോയ കുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ച ഓണം ആയതിനാൽ അതുകൂടി നാട്ടിൽ ആഘോഷിച്ച് മടങ്ങി വരാനായി കാത്തിരിക്കുന്നവരും ഉണ്ട്. ഈ മാസം അവസാനവും അടുത്തമാസം ആദ്യത്തിലുമായി എല്ലാവരും തിരിച്ചെത്തും. അവധിക്ക് നാട്ടിൽപോയ മലയാളികൾ അടക്കമുള്ള അധ്യാപകരും കുവൈത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, കുടുംബ വിസ ആരംഭിക്കാത്തത് സ്കൂളുകളിൽ കുട്ടികളുടെ കുറവിന് ഇടയാക്കിയതായി റിപ്പോർട്ടുണ്ട്. കുടുംബങ്ങളുടെ വരവ് നിലച്ചതിനാൽ പല സ്കൂളുകളിലും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല