സ്വന്തം ലേഖകൻ: സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിത ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഇത് സംബന്ധമായ വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ് നടത്താന്‍ ശ്രമം.
അതേസമയം അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ കാല്‍ ലക്ഷം സ്വദേശികള്‍ക്ക് കൂടി സ്വകാര്യ മേഖലയില്‍ പുതുതായി ജോലികള്‍ നല്‍കാനുള്ള തീരുമാനവുമായി കുവൈത്ത് മന്ത്രിസഭ. ഇതിനായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനുതകുന്ന സഹായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിമാരുടെ പ്രത്യേക സമിതിക്ക് രൂപം നല്‍കി.നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്‍മാരുടെ എണ്ണം ഏകദേശം 75,000 ആണെന്നാണ് കണക്ക്. അവരില്‍ ഭൂരിഭാഗവും ബാങ്ക്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്.
അടുത്ത മൂന്ന് മുതല്‍ അഞ്ചു വരെ വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരുടെ സമിതി പ്രവര്‍ത്തിക്കുന്നത്. ഇതിനായി 10 ഇന പദ്ധതികള്‍ക്ക് സമിതി രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ പല തൊഴിലുകളും സ്വദേശികള്‍ക്ക് മാത്രമാക്കി ഇതിനകം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് മികച്ച പ്രോത്സാഹന പദ്ധതി തയ്യാറാക്കാനാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതേക്കുറിച്ച് പഠിക്കുന്നതിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളും മറ്റ് പ്രധാന വികസിത രാജ്യങ്ങളും നടപ്പിലാക്കുന്ന പ്രോത്സാഹന പദ്ധതികളെക്കുറിച്ച് പഠനം നടത്താനും സമിതി തീരുമാനിച്ചു. സ്വദേശികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനായി സ്വകാര്യ മേഖലയില്‍ ആകര്‍ഷകമായ ജോലികള്‍ ഏതൊക്കെയാണെന്നും ആ തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് അടുത്ത പടി. സ്വദേശികള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള മേഖലകൾ ഏതൊക്കെയാണെന്ന് സമിതി കണ്ടെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല