സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി.
പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്റെ മകനായ ഷെയ്ഖ് അഹ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. നേരത്തെ 2022 ജൂലൈ, ഒക്ടോബർ മാസങ്ങളിലും പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു.
കുവൈത്ത് പൗരന്മാരുടെ വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ നിർദേശിക്കുന്ന കരട് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് ഏറ്റവും ഒടുവിലത്തെ കൂട്ട രാജിക്ക് കാരണമായത്. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്.
ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ രാജിയെ തുടർന്ന് 2022 ജൂലൈ 24നാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2022 സെപ്റ്റംബറിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ ഈ സർക്കാർ പിരിച്ചുവിട്ടു. തുടർന്ന് 2022 ഒക്ടോബറിൽ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. ഒക്ടോബർ 17ന് നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റു.
11 പുതുമുഖങ്ങളെയും രണ്ടു വനിതകളെയും ഉൾപ്പെടുത്തി വലിയ മാറ്റങ്ങളോടെയാണ് മന്ത്രിസഭ നിലവിൽ വന്നത്. ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എം.പിമാരും മന്ത്രിസഭയിലെത്തി. 15 അംഗ മന്ത്രിസഭയിൽ മുൻ സർക്കാറിലെ മൂന്നു പേരും അംഗങ്ങളായിരുന്നു.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു പൂർത്തിയാകുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തതോടെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനിൽക്കുമെന്നായിരുന്നു പൊതു അഭിപ്രായം. സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഈ സർക്കാറും രാജിവെച്ചതോടെ ഇത് തെറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല