സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്‍മാര്‍ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനായുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു.
പ്രാദേശിക ദിനപ്പത്രമായ അല്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിഷെല്‍ട്ടര്‍ നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇത്തരമൊരു സൗകര്യം ഒരുക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാകും കുവൈറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരുഷ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴിലുടമയും ജീവനക്കാരും തമ്മില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് അഭയ കേന്ദ്രത്തിന്റെ ലക്ഷ്യം. തൊഴിലുടമയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് വരെ ഇവിടെ താമസിക്കാം.
അല്ലാത്തവര്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കുന്നതിനും ഈ അഭയകേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാസി പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡ്രൈവര്‍മാര്‍, കാര്‍ഷിക തൊഴിലാളികള്‍, വീട്ടുവേലക്കാര്‍ തുടങ്ങി നിരവധി പ്രവാസികള്‍ സ്‌പോണ്‍സര്‍മാരുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് പതിവാണ്. ഇത്തരക്കാര്‍ക്ക് നിയമ സഹായം ഉള്‍പ്പെടെ ലഭിക്കുന്നതിന് പുതുതായി സ്ഥാപിക്കപ്പെടുന്ന അഭയ കേന്ദ്രം സഹായകമാവും.
നേരത്തേ രാജ്യത്തെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചൂഷണ രഹിതമാക്കുന്നതിനുമായി നിരവധി നടപടികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിച്ചിരുന്നു. മാസ ശമ്പളം കൃത്യമായ സമയത്ത് തന്നെ നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറാന്‍ അവസരം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല