1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമായ തീരുമാനവുമായി അധികൃതര്‍. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ (എസ്എംഇ) ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു സംരംഭത്തിലേക്ക് വീസ മാറ്റം അനുവദിക്കുന്ന പുതിയ തീരുമാനം കൈക്കൊണ്ടതോടെയാണിത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രഖ്യാപിച്ചു.

ഈ മേഖലയ്ക്കുള്ളിലെ തൊഴിലാളികളെ മാറ്റുന്നതിന് ആവശ്യമായ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറയ്ക്കുന്നതാണ് അവയില്‍ പ്രധാനം. എന്നിരുന്നാലും, ഈ മാറ്റം നിലവിലെ തൊഴിലാളിയുടെ സ്പോണ്‍സറുടെ അംഗീകാരത്തിന് വിധേയമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഇതുപ്രകാരം എസ്എംഇകളില്‍ ഒരു വര്‍ഷമായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവിലെ സ്‌പോണ്‍സറുടെ അനുമതിയോടെ വീസ മാറ്റം സാധ്യമാണ്.

എന്നാല്‍ എസ്എംഇ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള കൈമാറ്റം ഇപ്പോഴും അനുവദനീയമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതായത് നിലവിലെ സംരംഭത്തില്‍ നിന്ന് മറ്റൊരു എസ്എംഇയിലേക്ക് മാത്രമേ വീസ ട്രാന്‍സ്ഫര്‍ അനുവദിക്കുകയുള്ളൂ. അല്ലാതെ മറ്റ് സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് എസ്എംഇ വീസ മാറ്റാന്‍ അനുവാദമില്ല. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാതെ സെക്ടറുകള്‍ക്കിടയില്‍ തൊഴിലാളികള്‍ മാറുന്നത് തടയാനാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

ചെറുകിട, ഇടത്തരം ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ് വീസ ട്രാന്‍സ്ഫര്‍ നിയന്ത്രണങ്ങളില്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. എസ്എംഇ പ്രോജക്ടുകള്‍ കുറവായതിനാലോ അവരുടെ തൊഴിലാളികളെ പൂര്‍ണ്ണമായി വിനിയോഗിക്കാനുള്ള കഴിവില്ലായ്മ മൂലമോ പല സംരംഭങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

ട്രാന്‍സ്ഫര്‍ കാലയളവ് മൂന്നില്‍ നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കിയതോടെ ബിസിനസുകള്‍ക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സൗകര്യം നല്‍കും. ഇത് ബിസിനസുകളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. കമ്പനികള്‍ക്ക് ഇപ്പോള്‍ ഈ മേഖലയ്ക്കുള്ളിലെ വ്യത്യസ്ത റോളുകളിലേക്ക് തൊഴിലാളികളെ മാറ്റാന്‍ കഴിയും. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളോടും തൊഴില്‍ ആവശ്യങ്ങളോടും പൊരുത്തപ്പെടാന്‍ ബിസിനസുകളെ പ്രാപ്തമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.