1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികള്‍ക്കിടയില്‍ അനധികൃത പണപ്പിരിവുകാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം. മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ പിരിവു നടത്തിയ 35 പേരെ തിരിച്ചറിഞ്ഞു. യാചനക്കിടെ പിടിയിലായ 10 പേരെ കുടുംബ സമേതം നാടുകടത്തും.

ജീവകാരുണ്യത്തിന്റെ ലേബലില്‍ അനധികൃതമായി ധന സമാഹരണം നടത്തിയ 35 പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫലാഹ് അല്‍ ഫദ്‌ലി അറിയിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെയണ് ഇവര്‍ പണപ്പിരിവ് നടത്തിയിട്ടുള്ളതെന്നും ശേഖരിച്ച പണം വിദേശത്തേക്കയച്ചതായി ബാങ്ക് വഴി നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായ 35 പേരുടെയും വിശദാംശങ്ങള്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ആഭ്യന്തര മന്ത്രാലത്തിന് സമര്‍പ്പിച്ചിരിക്കുകയാണ് . സംഭാവനയായി ലഭിച്ച പണം അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മാലി എന്നിവിടങ്ങളിലെ ചില പദ്ധതികള്‍ക്ക് വേണ്ടിയാണ് നല്‍കിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

അനധികൃത പണപ്പിരിവ് നടത്തുന്നവരെ നിരീക്ഷിക്കുന്നതിന് വേണ്ടി മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായും സോഷ്യല്‍ മീഡിയ വഴി അനധികൃതമായി പണപ്പിരിവ് നടത്തുന്നവരെ പിടികൂടാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായം തേടിയതായും ഫലാഹ് അല്‍ ഫദ്‌ലി പറഞ്ഞു.

അതിനിടെ കുടുംബ സന്ദര്‍ശന വിസയിലെത്തി ഭിക്ഷാടനം നടത്തിയ 10 വിദേശികളെയും അവര്‍ക്ക് വിസ നല്‍കിയ കുടുംബാംഗങ്ങളെയും ഉടന്‍ നാടുകടത്തുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. യാചകരെ പിടികൂടിയാല്‍ അവരുടെ സ്‌പോണസര്‍മാരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി റമദാന്‍ ആദ്യം മുതല്‍ പള്ളികളിലും മറ്റും സിവില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

സിറിയ, ജോര്‍ദന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാചകവൃത്തിയില്‍ കൂടുതലായി എര്‍പ്പെടുന്നതെന്നും 30 യാചകരെ ഇതുവരെ പിടികൂടിയതായും സുരക്ഷാ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.