കുവൈത്തില്‍ ഷിയാ പള്ളിയില്‍ നടന്ന ചാവേറാക്രമണം നടത്തിയത് ഫഹദ് സുലൈമാന്‍ അബ്ദല്‍മൊഹ്‌സിന്‍ അല്‍ ഗബ്ബ(22) എന്ന സൗദി പൗരന്‍. 27 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയത് ഫഹദ് സുലൈമാനാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനം നടന്ന വെള്ളിയാഴ്ച്ച രാവിലെയാണ് ഭീകരന്‍ കുവൈത്തിലെത്തിയതെന്നും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ചാവേര്‍ പള്ളിയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ചാവേര്‍, കാറിന്റെ ഉടമ, ചാവേര്‍ തങ്ങിയ വീടിന്റെ ഉടമ എന്നിവരടക്കം 22 ഓളം പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിനോട് വിധേയത്വമുള്ള അല്‍ നജ്ദ പ്രോവിന്‍സ് എന്ന സംഘടയാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശി റിസ്‌വാന്‍ ഹുസൈന്‍ (31), അംബേദ്കര്‍ നഗര്‍ ജലാല്‍പൂര്‍ സ്വദേശി ഇബ്‌നു അബ്ബാസ് അലി (26) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. പള്ളിയിലെ പാറാവുകാരനായിരുന്നു റിസ്‌വാന്‍. അബ്ബാസ് അലി ഹൗസ് ഡ്രൈവറും. ഇവരുടെതടക്കം എട്ടു പേരുടെ മൃതദേഹങ്ങള്‍ കര്‍ബയിലയില്‍ കബറടക്കാനായി പ്രത്യേക വിമാനത്തില്‍ ഇറാഖിലെ നജഫിലേക്ക് കൊണ്ട് പോയി. 15 കുവൈത്ത് സ്വദേശികളുടെ മൃതദേഹം കഴിഞ്ഞ ദിവസം കബറടക്കി.
ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദേശിച്ചു. ഓരോരുത്തരും സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് എംബസ്സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ സന്ദര്‍ശിച്ചു. ചാവേര്‍ ആക്രമണത്തില്‍ രണ്ടു ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംബസി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല