സ്വന്തം ലേഖകൻ: ജൂൺ ആദ്യവാരം പിന്നിടുമ്പോൾ കുവൈത്ത് കടുത്ത വേനലിലേക്ക് പ്രവേശിക്കുന്നു. തിങ്കളാഴ്ച ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സുലൈബിയയിൽ 51 ഡിഗ്രി, അബ്ദലി, നുവൈസീബ് എന്നിവിടങ്ങളിൽ 50 ഡിഗ്രി എന്നിങ്ങനെ താപനില രേഖപ്പെടുത്തി. ഇതോടൊപ്പം റുതൂബയും (നിർജലീകരണം) അനുഭവപ്പെട്ടു. അടുത്ത ആഴ്ചകളിൽ ചൂടുകൂടും.
സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അയഞ്ഞ, കനംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തിൽ ഇടക്ക് കുളിക്കുന്നത് നല്ലതാണെന്നും കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിച്ചു.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്.
ചില കമ്പനികൾ വിലക്ക് ലംഘിച്ച് ഉച്ചനേരങ്ങളിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വേനൽ കനത്തുതുടങ്ങിയതോടെ കുവൈത്തിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നു. ഈ വർഷം ആദ്യമായി ഒരു ദിവസത്തെ ഉപഭോഗം 15000 മെഗാവാട്ട് കവിഞ്ഞു. 15040 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ ഉയർന്ന വിനിയോഗമാണിത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വേനൽ മൂർധന്യത്തിൽ 16700 മെഗാവാട്ട് വരെ ഉയരുമെന്നാണ് വിലയിരുത്തൽ. വേനലിൽ ഉപയോഗം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പരിധിവിട്ട് വർധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.
ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്.
ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. വേനൽ നേരിടാൻ മന്ത്രാലയം തയാറെടുപ്പ് പൂർത്തിയാക്കിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വൈദ്യുതി മന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല