സ്വന്തം ലേഖകൻ: ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനായിരം കുവൈത്ത് ദിനാർ പിരിച്ചെടുത്തതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ എയർപ്പോർട്ടിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടർ വഴിയാണ് ഇത്രയും തുക പിരിച്ചെടുത്തത്.
സർക്കാർ സേവനങ്ങളിലെ കുടിശ്ശികയും പിഴയും ഈടാക്കുന്നതിൻറെ ഭാഗമായി നേരത്തെ നീതിന്യായ, ജല-വൈദ്യതി, ഗതാഗത വകുപ്പുകൾ സമാനമായ രീതിയിൽ നിയമം നടപ്പിലാക്കിയിരുന്നു. വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവർക്ക് മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകൾ വഴിയും സഹേൽ ആപ് വഴിയും പേമെന്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവരെ രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതിനിടെ വാർത്താവിനിമയ മന്ത്രാലയത്തിൻറെ സേവനങ്ങളെ കുറിച്ചുള്ള പരാതികൾ സമർപ്പിക്കുവാൻ സർക്കാർ ഏകജാലക സംവിധാനമായ സഹേൽ ആപ്പിൽ ഉപയോക്താക്കൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അഹ്മദ് അൽ ഹുസൈനി അറിയിച്ചു. സ്വദേശികൾക്ക് മാത്രമാണ് നിലവിൽ സേവനം നൽകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല