![](https://www.nrimalayalee.com/wp-content/uploads/2021/12/Kuwait-Expats-above-60-Visa-Renewal.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് – കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചു കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ചര്‍ച്ചകള്‍ നടത്തി വരുന്നു. മാര്‍ച്ച് ആദ്യത്തോടെ രാജ്യത്ത് വിനോദസഞ്ചാര, കുടുംബ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നു ഉന്നതതല വക്താവ് അറിയിച്ചു.
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത്. ഇതിനായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ സ്ഥിരത സംബന്ധിച്ചുള്ള കൊറോണ സുപ്രീം സമിതി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. രാജ്യത്ത് അടുത്തിടെ കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനാല്‍ ഒരു അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വക്താവ് സൂചിപ്പിക്കുന്നു.
ഗാര്‍ഹിക- തൊഴില്‍ വിസകള്‍ അനുവദിക്കുവാന്‍ മന്ത്രി സഭായോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു. താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടി പുനരാരംഭിക്കുന്നതിനുള്ള നീക്കം വിദേശികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല