സ്വന്തം ലേഖകൻ: കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു . സഇത് സംബന്ധിച്ച് താമസകാര്യ വകുപ്പ് ബന്ധപ്പെട്ട കാര്യാലയങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിസ നടപടികൾ ആണ് രണ്ടു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്.
രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് മൂന്നുമാസം കാലാവധിയുള്ള വിസ പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. സ്‌കൂൾ അവധികാലത്ത് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ആഹ്ളാദം പകരുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
അതിനിടെ കുടുംബ സന്ദര്‍ശക വിസകള്‍ മാര്‍ച്ച് 20 ഞായറാഴ്ച മുതല്‍ നൽകിത്തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം വ്യക്തമാക്കി. നിലവില്‍ തൊഴില്‍, റെസിഡന്‍സ് വിസകള്‍ക്കു പുറമെ കൊമേഴ്‌സ്യല്‍, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമാണ് ലഭിക്കുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്കുള്ള ഫാമിലി വിസിറ്റ് വിസകള്‍ എളുപ്പത്തില്‍ ലഭ്യമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല