സ്വന്തം ലേഖകൻ: രാജ്യത്ത് അനുദിനം രൂക്ഷമായി വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമഗ്ര നടപടികളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രൂപീകൃതമായ മന്ത്രിതല സമിതി മുമ്പാകെ വിവിധ അധികാരികരും ഏജന്‍സികളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ യോഗം ചുമതലപ്പെടുത്തി.
ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്, സിവില്‍ സര്‍വീസ് കമ്മീഷന്‍, ഫത്വ ആന്റ് ലെജിസ്ലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നീ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സുസ്ഥിരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍, ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടികള്‍, പദ്ധതിയുടെ വിവിധ പ്രവര്‍ത്തന ഘട്ടങ്ങള്‍ക്കുള്ള സമയക്രമം എന്നിവ വിശദമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് 2025 ഫെബ്രുവരി ഒന്നിനകം സമര്‍പ്പിക്കാനും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.
വ്യക്തിഗത വാഹന ഉപയോഗം കുറയ്ക്കുക, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വന്തം വാഹനങ്ങളില്‍ കൊണ്ടുവിടുന്നത് ഒഴിവാക്കി ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും അടിയന്തര നടപടികളായി സമിതി മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇതിനു പുറമെ, ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പ്രധാന റോഡുകളിലെ എന്‍ട്രന്‍സുകളും എക്‌സിറ്റുകളും വികസിപ്പിക്കുന്നത് ഉള്‍പ്പെടെ നാല്‍പതോളം സുപ്രധാന പദ്ധതികളും ഇതിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്.
ട്രാഫിക് സാന്ദ്രത കൂടുതലുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി അവയ്ക്ക് പ്രത്യേകമായ പരിഹാര പദ്ധതികളും നിര്‍ദ്ദേശിച്ചിച്ചിട്ടുണ്ട്. ജനത്തിരക്കേറിയ കവലകളെക്കുറിച്ചുള്ള തത്സമയ റിപ്പോര്‍ട്ടിംഗിന് അവസരമൊരുക്കുക, നാലാം റിംഗ് റോഡിലെ സിഗ്‌നലുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കവലകള്‍ താല്‍കാലികമായി അടയ്ക്കുക, സമഗ്രമായ ട്രാഫിക് പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രം തിരക്കുണ്ടാക്കുന്ന പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുക തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമെന്ന നിലയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും റിംഗ് റോഡുകള്‍, ഡമാസ്‌കസ് സ്ട്രീറ്റ്, ഫഹാഹീല്‍ എക്സ്പ്രസ് വേ എന്നിവയുടെ വികസനം പോലുള്ള റോഡ് ശൃംഖല പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ പരിഹാരങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല