സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം കുവൈത്ത് അധികൃതര്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1.4 ലക്ഷം പേര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനും പൊതുഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് 2022-ല്‍ 140,000-ത്തിലധികം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കുവൈത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.
നീതിന്യായ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ ഗവര്‍ണറേറ്റുകളില്‍, 28,251 പേരെ യാത്രയില്‍ നിന്ന് തടഞ്ഞുകൊണ്ട് ക്യാപിറ്റല്‍ ഗവര്‍ണറേറ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
25,390 യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ ഫര്‍വാനിയ ഗവര്‍ണറേറ്റാണ് തൊട്ടു പിന്നില്‍. 17,112 പേരെ വിലക്കിയ അല്‍ ജഹ്റ ഗവര്‍ണറേറ്റ് മൂന്നാം സ്ഥാനത്തും 14,495 പൗരന്മാരെയും താമസക്കാരെയും വിലക്കിയ ഹവല്ലി ഗവര്‍ണറേറ്റ് നാലാം സ്ഥാനത്തുമാണ്. അല്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ 13,759 പേര്‍ യാത്രാ നിരോധനത്തിന് വിധേയരായപ്പോള്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കുറവ് യാത്രാ നിരോധനമുള്ളത്- 4,853 വ്യക്തികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല