സ്വന്തം ലേഖകൻ: കുവൈത്തും യുഎഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു..ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇതോടെ പിഴയടക്കാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന നിലവിലെ രീതിക്കും അവസാനമാകും.
ഇരു രാജ്യങ്ങളിലും വെച്ച് നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരങ്ങൾ തത്സമയം കൈമാറുന്നതാണ് പുതിയ പദ്ധതി. കുവൈത്തും യുഎഇയും തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിനായി ഉഭയകക്ഷി ഇലക്ട്രോണിക് കണക്റ്റിവിറ്റി സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും യോഗം ചർച്ച ചെയ്തതായി പ്രാദേശിക മാധ്യമമായ അൽറായ് റിപ്പോർട്ട് ചെയ്തു.
യുഎഇ സുരക്ഷാ പ്രതിനിധി ഉദ്യോഗസഥർ, ഐ.ടി ഉദ്യോഗസ്ഥര്‍ , ട്രാഫിക്, ക്രിമിനൽ സുരക്ഷ, ജനറൽ ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഗതാഗതനിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഏകോപനം നടന്നുവരുകയാണ്. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനം വൈകാതെ നിലവിൽവരും. ഇതിന്റെ ആദ്യ ഘട്ടമായി കുവൈത്തും ഖത്തറും കഴിഞ്ഞ മാസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളിലും നടക്കുന്ന ഗതാഗത നിയമലംഘനവിവരങ്ങൾ പരസ്പരം പങ്കുവെക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല