1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2021

സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേരിലും മറ്റും വരുന്ന തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കി അധികൃതര്‍. പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി എന്നിവയിലെ പേരും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന പേരും തമ്മിലെ വ്യത്യാസങ്ങള്‍ കാരണം പലരുടെയും വിമാന യാത്ര മുടങ്ങിയ പശ്ചാത്തലത്തിലാണ് തെറ്റ് തിരുത്താന്‍ അധികൃതര്‍ അവസരം നല്‍കിയിരിക്കുന്നത്.

കുവൈത്തില്‍ വച്ച് വാക്സിന്‍ സ്വീകരിച്ചവര്‍ അവര്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പാസ്പോര്‍ട്ടിലേതുമായി ഒത്തുനോക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ സിവില്‍ ഐഡിയുമായി മിശ്‌റിഫിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ചെന്നാല്‍ പിഴവുകള്‍ തിരുത്താമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

പേരിലെ ആദ്യ ഭാഗം വിട്ടുപോകല്‍, അക്ഷരത്തെറ്റുകള്‍ തുടങ്ങിയ തെറ്റുകളാണ് തിരുത്താന്‍ അവസരമുള്ളത്. തെറ്റ് തിരുത്തല്‍ സാധ്യമാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി മിശ്‌റിഫിലെ വാക്സിനേഷന്‍ കേന്ദ്രത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പാസ്പോര്‍ട്ടിലെയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെയും വിവരങ്ങളില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനായി എത്തിയവരെ കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. വിസയിലെയും പിസിആര്‍ സര്‍ട്ടിഫിക്കറ്റിലെയും പേരുകള്‍ പാസ്പോര്‍ട്ടിലേത് പോലെ ആയിരുന്നെങ്കിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേരില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവ് കാരണം യാത്ര മുടങ്ങിയതിനാല്‍ വിമാന ടിക്കറ്റ്, യാത്രയ്ക്കായി എടുത്ത പിസിആര്‍ പരിശോധന, ടാക്സി, ഹോട്ടല്‍ തുടങ്ങിയവയ്ക്കായി ചെലവാക്കിയ വന്‍ തുക നഷ്ടമായതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുതിരുത്താന്‍ വിമാനത്താവളത്തില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ കൗണ്ടര്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നുവന്നിട്ടുണ്ട്.

കുവൈത്തില്‍ ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്കയുടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കുക ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍. വാക്‌സിന്‍ ഡോസുകള്‍ പരസ്പരം മാറ്റി നല്‍കുന്നത് പൂര്‍ണ സുരക്ഷിതവും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സഹായകവുമാണെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു.

18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്സിന്റെ രണ്ടു ഡോസുകള്‍ എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇനി മുതല്‍ 18ന് മുകളിലുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്നു അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയായ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.