സ്വന്തം ലേഖകൻ: രാജ്യത്ത് സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. കൂടുതൽ പഠനത്തിന് ശേഷമാകും ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വാഹനങ്ങൾക്ക് നിലവിലുള്ള 19 ദീനാര്‍ വാർഷിക പ്രീമിയം 32 ദീനാർ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്. ഇൻഷുറൻസ് വർധനവിന് പുറമേ സർവിസ് ചാർജായി രണ്ട് ദിനാറും വാഹനത്തിലെ ഓരോ യാത്രക്കാരനും ഒരു ദീനാര്‍ വീതം പ്രീമിയവും നല്‍കണമെന്നും അറിയിപ്പുണ്ടായിരുന്നു.
അതിർത്തികളിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇൻഷുറൻസ് നിരക്കുകളിലും വര്‍ധന വരുത്തി. അതിർത്തികളിലൂടെ പ്രവേശിക്കുന്ന കുവൈത്ത് ഇതര സ്വകാര്യ കാറുകൾക്കും ബൈക്കുകൾക്കുമുള്ള ഇൻഷുറൻസ് പോളിസി ഇപ്പോൾ ആഴ്ചയിൽ 12 ദീനാർ, അല്ലെങ്കിൽ പ്രതിവർഷം 120 ദീനാറാണ്. ടാക്സികൾക്ക് ആഴ്ചയിൽ 20 ദീനാർ അല്ലെങ്കിൽ പ്രതിവർഷം 140 ദീനാർ, പൊതുഗതാഗത വാഹനങ്ങൾക്ക് ആഴ്ചയിൽ 16 ദീനാർ, പ്രതിവർഷം 183 ദീനാർ, ചരക്ക് വാഹനങ്ങൾക്ക് ആഴ്ചയിൽ 30 ദീനാർ അല്ലെങ്കിൽ പ്രതിവർഷം 210 ദീനാർ എന്നിങ്ങനെയാണ് നിരക്ക്.
ഇന്‍ഷുറന്‍സ് ഫീസ് അടക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇൻഷുറൻസ് ക്ലെയിം പൂർത്തിയാക്കിയ തീയതി മുതൽ പരമാവധി 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിറ്റി നിർദേശിക്കുകയുണ്ടായി. അതേസമയം, എല്ലാ നിരക്കുകളിലും മാറ്റം വരുമോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല