1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2021

സ്വന്തം ലേഖകൻ: 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണമെങ്കില്‍ പുതിയ വിസയില്‍ തിരികെയെത്താമെന്ന് അധികൃതര്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ സമേതം കുവൈത്തില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.

ബിരുദമില്ലാത്ത 60കാര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചെങ്കിലും അതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ കുവൈത്തിലുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാമെങ്കിലും വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് അത് വീണ്ടും പുതുക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഇങ്ങനെ നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് സന്തോഷത്തിന് വകനല്‍കുന്നതാണ് പുതിയ വിസയില്‍ തിരിച്ചെത്താമെന്ന തീരുമാനം. കഴിഞ്ഞ ദിവസം തീരുമാനിച്ച വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് കുറഞ്ഞത് അയ്യായിരത്തിലേറെ പ്രവാസികള്‍ രാജ്യം വിട്ടതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈത്ത് വിട്ടതായി കണക്കുകള്‍ വ്യക്തമാക്കി.

അതിനു ശേഷം കൂടുതല്‍ പേര്‍ കുവൈത്ത് വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി. അതിനിടെ, വിസ പുതുക്കല്‍ വിലക്ക് നിലവില്‍ വന്ന ജനുവരി ഒന്നിനു ശേഷം, വിസ കാലാവധി തീര്‍ന്ന അയ്യായിരത്തോളം പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇങ്ങനെ താല്‍ക്കാലിക താമസ പെര്‍മിറ്റ് ലഭ്യമായവര്‍ക്ക് പുതിയ സാഹചര്യത്തില്‍ വിസ പുതുക്കാന്‍ തടസ്സമുണ്ടാവില്ല.

അതേസമയം, 60 വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമായി പിന്‍വലിക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച യോഗം ചേരും. ബോര്‍ഡ് ചെയര്‍മാനും വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം, അതോറിറ്റി ജനറല്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയുടെ ഇതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് റദ്ദ് ചെയ്യും. ഡയരക്ടര്‍ ജനറലിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി വിസ പുതുക്കല്‍ വിലക്ക് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി.

വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം അസാധുവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫത്വ, നിയമനിര്‍മാണ സമിതി തീരുമാനം റദ്ദാക്കിയത്.

മന്ത്രിസഭയ്ക്കു കീഴിലെ നിയമനിര്‍മാണ സമിതി വിസ വിലക്ക് റദ്ദാക്കിയിട്ടുണ്ടെങ്കിലും, മാന്‍ പവര്‍ അതോറിറ്റിയുടെ നേരത്തേയുള്ള ഉത്തരവ് ഡയരക്ടര്‍ ബോര്‍ഡ് യോഗം പിന്‍വലിച്ചാല്‍ മാത്രമേ 60 കഴിഞ്ഞ പ്രവാസികളിലെ ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് 16ന് നിലവില്‍ വന്ന 520 നമ്പര്‍ നിയമമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്.

ആ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ലഭിക്കുന്ന മുറയ്ക്ക മാത്രമേ, വിസ പുതുക്കാനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കൂ. അതേസമയം, വിലക്ക് പിന്‍വലിക്കുമെന്നതായതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിസ പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.