1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തി വിസ പുതുക്കി നല്‍കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതും പ്രാവര്‍ത്തികമായിട്ടില്ല.

വിസ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്ന കാര്യത്തിലെ നിയമ സാധുത അറിയാന്‍ വിഷയം ഫത്വ, നിയമനിര്‍മാണ വകുപ്പിന് വിട്ടിരിക്കുകയാണ് അധികൃതര്‍. ഇക്കാര്യം വ്യക്തമാക്കി മന്ത്രിതല സമിതിയുടെ കീഴിലുള്ള ഫത്വ ആന്റ് ലെജിസ്ലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കത്തെഴുതിയിരിക്കുകയാണ് കുവൈത്ത് വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്‍. നേരത്തേ പ്രവാസികളില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കി നല്‍കില്ലെന്ന അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ വിഭാഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പുതിയ തീരുമാനവും ഫത്വ വകുപ്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്.

വിസ പുതുക്കാന്‍ 500 ദിനാര്‍ ഈടാക്കുന്നതിന്റെ നിയമ വശത്തോടൊപ്പം ഈ നിബന്ധനയില്‍ നിന്ന് ഏതാനും വിഭാഗക്കാരെ ഒഴിവാക്കുന്നതിന്റെ സാംഗത്യവും കത്തിലൂടെ ഫത്വ വകുപ്പിനോട് ആരാഞ്ഞിട്ടുണ്ട്. കുവൈത്തില്‍ ജനിച്ചവര്‍, ഫലസ്തീനികള്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഫത്വ വിഭാഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫത്വ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ 500 ദിനാര്‍ ഈടാക്കണമെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം ഫത്വ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം പ്രതികൂലമാണെങ്കില്‍ കാര്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാവും.

അങ്ങനെ വന്നാല്‍ പുതിയ നിയമ നിര്‍മാണത്തിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിസ പുതുക്കി നല്‍കുന്നതിന് 500 ദിനാര്‍ അധിക ഫീസ് ഈടാക്കാനുള്ള തീരുമാനം നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കാരണം 1995ലെ 79ാം നമ്പര്‍ നിയമപ്രകാരം സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും അതിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കണമെങ്കില്‍ അക്കാര്യത്തില്‍ പ്രത്യേക നിയമ നിര്‍മാണം ആവശ്യമായി വുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും 60 കഴിഞ്ഞവരുടെ വിസ പുതുക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം.

60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 53,000ത്തിലേറെ പ്രവാസികളാണ് രാജ്യത്ത് നിലവില്‍ തമാസമിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ ആയിരക്കണക്കിന് പേരുടെ വിസ കാലാവധി നേരത്തേ അവസാനിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നിലവില്‍ വന്ന വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് വിസ പുതുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

അതിനിടെ, വിസ പുതുക്കാനാവാതെ ആയിരക്കണക്കിന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം കഴിഞ്ഞ മാസം ഫത്വ വകുപ്പ് റദ്ദാക്കിയിരുന്നുവെങ്കിലും വിസ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ പുനരാരംഭിച്ചിട്ടില്ല. അതിനിടയിലാണ് 500 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനം എടുത്തത്. അതാണിപ്പോള്‍ ഫത്വ വകുപ്പിന്റെ പരിഗണനയ്ക്കായി സനര്‍പ്പിച്ചിരിക്കുന്നത്.

500 ദിനാര്‍ ഫീസ് ഈടാക്കിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയും 60 കഴിഞ്ഞവരുടെ വിസ പുതുക്കാമെന്ന തീരുമാനിച്ചുവെങ്കിലും ഇന്‍ഷൂറന്‍സ് നടപടിക്രമങ്ങളുടെ കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏതൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളാണ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും മറ്റുമുള്ള വിശദാംശങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാന്‍ പവര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി ധാരണയിലെത്തിയ ശേഷം മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനും വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അംഗീകാരം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് തരം ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍ നടപ്പിലാക്കാനാണ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്‍ഷൂറന്‍സ് കവറേജിന്റെ സ്വഭാവം, ചികില്‍സ ലഭിക്കുന്ന ആശുപത്രികള്‍, കവറേജില്‍ എന്തൊക്കെ ചികില്‍സകള്‍ ഉള്‍പ്പെടും തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇന്‍ഷൂറന്‍സിനെ തരം തിരിക്കുക. ഇതുപ്രകാരം ഇന്‍ഷൂറന്‍സ് പോളിസിയുടെ വിലയിലും വ്യത്യാസമുണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.