![](https://www.nrimalayalee.com/wp-content/uploads/2020/07/UAE-expat-residence-visa-changes.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു. വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാകും പ്രധാനമായും ഈ സംവിധാനം ഏർപ്പെടുത്തുക.
വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ സംവിധാനം വഴി കൃത്യമായി അറിയാൻ സാധിക്കും. കുവൈത്തിൽ വീസ അനുവദിക്കുന്ന സ്ഥാപനത്തെക്കുറിച്ചും വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെക്കുറിച്ചും വ്യക്തമായ വിവരവും ലഭിക്കും. രണ്ടിടങ്ങളിലും വ്യാജ സ്ഥാപനങ്ങളുടെ മറവിൽ വീസക്കച്ചവടം നടക്കുന്ന സാഹചര്യമുണ്ട്. നിയമപരമായ തർക്കങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളല്ല തൊഴിലാളികളെ തേടുന്നതെന്നും അത്തരം കമ്പനികൾ വഴിയല്ല റിക്രൂട്ട്മെന്റ് എന്നും ഉറപ്പിക്കാൻ അതുവഴി കഴിയും.
വിദേശത്തുള്ളവർക്ക് വീസ നൽകുകയും കുവൈത്തിലെത്തിയാൽ അവർക്ക് തൊഴിൽ നൽകാതെ തൊഴിൽ തേടി അലയാൻ വിടുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. വീസക്കച്ചവടവുമായി ബന്ധപ്പെട്ടവയാണ് അത്തരം സ്ഥാപനങ്ങൾ. അത്തരം സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിടാനും ഓട്ടോമേറ്റഡ് സംവിധാനം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുകയും പുതുതായി വീസ അനുവദിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാവുകയും ചെയ്തതോടെ വീസക്കച്ചവടക്കാരും തലപൊക്കിത്തുടങ്ങിയതായി അധികൃതർ കഴിഞ്ഞ ദിവസം മുന്ന|റിയിപ്പ് നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തും മറ്റുമാണ് അത്തരക്കാർ രംഗപ്രവേശനം ചെയ്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല