
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു. കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈത്ത് സന്ദര്‍ശനമാണിത്. കുവൈത്തില്‍ ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവരുടെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും അതിന്റെ തൊഴില്‍ശക്തിയുടെ 30 ശതമാനവുമടങ്ങുന്ന ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പാണ് ഇന്ത്യക്കാർ.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലെ ആറ് വലിയ സ്രോതസ്സുകളിലൊന്നാണ് കുവൈത്ത്. ഇന്ത്യയിലെ സ്ഥാപനങ്ങളിലുള്ള കുവൈത്തിന്റെ നിക്ഷേപം ഭീമമാണ്. ഇന്ത്യയുമായി ദീര്‍ഘകാല വ്യാപാരബന്ധമുള്ള അല്‍ഗാനിം, അല്‍ ഷായ ഗ്രൂപ്പുകള്‍പോലുള്ള ചില വലിയ കുവൈത്ത് ബിസിനസ് സ്ഥാപനങ്ങള്‍ ഇന്ത്യയിലെ നിര്‍മാണ-സേവന മേഖലകളില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.
എല്‍ &ടി, ഷപൂര്‍ജി പല്ലോന്‍ജി, കല്പതരു, മേഘ, അശോക് ലെയ്ലാന്‍ഡ്, വിപ്രോ, ടാറ്റ കിര്‍ലോസ്‌കര്‍ തുടങ്ങിയ ഇന്ത്യയിലെ വലിയ കമ്പനികള്‍ കുവൈത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് സഹായവും നല്‍കുന്നു. സാമ്പത്തിക-അനുബന്ധ മേഖലയില്‍ എല്‍.ഐ.സി., ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ഷങ്ങളായി സജീവമായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണമയക്കുന്നത് ഇപ്പോള്‍ അഞ്ഞൂറുകോടി യു.എസ്. ഡോളറിലധികമാണ്.
വളരെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ലാഭകരമായ വിപണിയാണിന്ന് കുവൈത്ത് 10 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യു.എസ്. ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയൊരു അവസരമാണ് നല്‍കുന്നത്. കൂടാതെ, ഇന്ത്യയിലെ ആഡംബരടൂറിസത്തിനും പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കും സമ്പന്നരായ കുവൈത്തികള്‍ നല്ലൊരു സ്രോതസ്സാകാം.
ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. കുവൈത്ത് എണ്ണയുടെ പ്രധാന വിപണി ഏഷ്യയായതിനാല്‍ ഇന്ത്യയില്‍ കുവൈത്ത് എണ്ണയുടെ തന്ത്രപരമായ സംഭരണം, ഇന്ത്യന്‍ പെട്രോകെമിക്കല്‍സ് മേഖലയില്‍ കുവൈത്തിന്റെ പങ്കാളിത്തം, കുവൈത്തിന്റെ നവീകരണപദ്ധതികളില്‍ ലോകോത്തര നിലവാരമുള്ള ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ പങ്കാളിത്തം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളിസമൂഹം വളരെ വലുതായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്. ഇതില്‍ ഗണ്യമായി മലയാളികളുമുണ്ട്.
പ്രതിരോധവും സുരക്ഷാപ്രശ്‌നങ്ങളും പ്രധാന വിഷയങ്ങളായി മാറുകയാണ്. ഇന്ത്യയും കുവൈത്തും പരസ്പരം കൂടിയാലോചനകള്‍ നടത്തുന്നതിനാലും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കുവൈത്ത് തുറമുഖം പതിവായി സന്ദര്‍ശിക്കുന്നതിനാലും പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കൂടുതല്‍ ശ്രദ്ധയും ചര്‍ച്ചകളും ആവശ്യമായി വന്നേക്കാം. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ കാരണം, മേഖല അസ്വസ്ഥമാണ്. ജി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍, കുവൈത്തിന് ഈ മേഖലയിലെ ഇന്ത്യയുടെ സഹകരണവും മികച്ച ഓഫീസുകളും സാഹചര്യം മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല