സ്വന്തം ലേഖകൻ: എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു. വാണിജ്യ, ടൂറിസ്റ്റ് വീസകള്‍ ഉള്‍പ്പെടെ വിവിധ സന്ദര്‍ശന വീസകള്‍ വീണ്ടും നല്കി തുടങ്ങാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം (എംഒഐ) ആലോചിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ഗവണ്മെന്റിന്റെ വീക്ഷണത്തിന്റെ ഭാഗമായാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദര്‍ശന വീസകളും ടൂറിസ്റ്റ് വീസകളും നല്‍കുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശന വീസ നല്‍കുന്നത് കഴിഞ്ഞ മാസം (ജനുവരി 28 മുതല്‍) പുനരാരംഭിച്ചിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍യൂസഫ് അല്‍സബാഹ് ആണ് പുതുക്കിയ വ്യവസ്ഥകള്‍ പ്രകാരം വീസ നല്കാന് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാമിലി വീസ അനുവദിക്കുന്നത് വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയാണ്. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങളില്‍ 14 വിഭാഗങ്ങളിലെ പ്രൊഫഷനുകള്‍ക്ക് ഇളവുണ്ട്.
ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയുള്ള മുഴുന്‍ സന്ദര്‍ശന വീസകളും പുനരാരംഭിക്കുന്നത് നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം പുതിക്കിയ വ്യവസ്ഥകളോടെ ആയിരിക്കുമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വീസകള്‍ നല്കുന്നതുവഴി നിയമലംഘകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയും സാമൂഹിക സുരക്ഷയും മറ്റ് മാനങ്ങളും കൂടി പരിഗണിച്ചാവും പരിഷ്കരണമെന്നും ബന്ധപ്പെട്ട ഉറവിടങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 34 ലക്ഷവും പ്രവാസികളാണ്.
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ പുതിയ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കഴിഞ്ഞ മാസമാണ് കുവൈത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. കുവൈത്ത് അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭരണഘടന പ്രകാരം നിലവിലുള്ള മന്ത്രിസഭ പിരിച്ചുവിടുകയും പുതിയ അമീറിന്റെ കീഴില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയും പുതിയ മന്ത്രിസഭാംഗങ്ങള്‍ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ നിന്ന് ഗണ്യമായ വരുമാനം നേടുമ്പോള്‍ വര്‍ഷങ്ങളായി കുവൈത്തിന്റെ വിനോദസഞ്ചാര മേഖല നിര്‍ജീവമാണ്. വരുമാനത്തിന് എണ്ണയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവന്ന് സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കുകയാണ് സൗദിയും യുഎഇയും. ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത ജിസിസി ടൂറിസം വീസ പദ്ധതിയില്‍ കുവൈറ്റും ഭാഗവാക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല