![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Water-Electricity-charge-hike-.jpg)
സ്വന്തം ലേഖകൻ: രാജ്യത്തെ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. റെസിഡന്‍ഷ്യല്‍ മേഖല ഒഴികെ ബാക്കി എല്ലാ മേഖലകളിലും വൈദ്യുതിയുടെയും ജലത്തിന്റെയും ബില്ല് തുക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്തെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത്. എന്നാല്‍ നിരക്കുകള്‍ എത്ര ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്ന കാര്യത്തിലും എപ്പോള്‍ മുതല്‍ വര്‍ധനവ് നിലവില്‍ വരുമെന്നോ ഉള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
2020 മുതല്‍ 2030 വരെയുള്ള കാലയളവിലേക്കായി ഇലക്ട്രിസിറ്റി, വാട്ടര്‍ മന്ത്രാലയം മുന്നോട്ടുവച്ച നയപരിപാടിയുടെ ഭാഗമാണിതെന്ന് വകുപ്പ് മന്ത്രി ഡോ. മിഷാന്‍ അല്‍ ഉതൈബി പറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണം ശക്തിപ്പെടുത്തല്‍, സുസ്ഥിര വികസനം സാധ്യമാക്കാല്‍, മനുഷ്യവിഭവ വികസനം, സ്ഥാപനങ്ങളെ മികവുറ്റതാക്കല്‍ എന്നിവയാണ് മന്ത്രാലയത്തിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍. താമസ സ്ഥലങ്ങള്‍ക്കൊഴികെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കരം വര്‍ധിപ്പിക്കുകയെന്നത് പദ്ധതിയുടെ പ്രധാന ഭാഗമാണെന്നും മന്ത്രി അറിയിച്ചു.
അടുത്ത 10 വര്‍ഷത്തിനിടയില്‍ നിലവിലെ വൈദ്യുതിയുടെയും ജലത്തിന്റെയും ശേഷി 50 ശതമാനം കണ്ട് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നതെന്നും മന്ത്രിയെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ വൈദ്യുതി ഉല്‍പ്പാദനം 8000 മെഗാവാട്ട് വര്‍ധിപ്പിക്കും. ഈ കാലയളവില്‍ പുനരുല്‍പ്പാദനപരമായ ഊര്‍ജത്തിന്റെ ഉല്‍പ്പാദനം 5000 മെഗാവാട്ട് കണ്ട് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷത്തോടെ രാജ്യത്തെ എല്ലാ പവര്‍ പ്ലാന്റുകളുടെയും പ്രവര്‍ത്തനം പ്രകൃതി വാതകത്തിലേക്കും ഗ്രീന്‍ എനര്‍ജിയിലേക്കും മാറ്റും. ഇതുവഴി പവര്‍ പ്ലാന്റുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ വൈകുന്ന പക്ഷം 2025ഓടെ വലിയ ഊര്‍ജ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല