സ്വന്തം ലേഖകൻ: കുവൈത്തില്‍ രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന വിദേശികളില്‍ നിന്നും വൈദ്യുതി, ജല കുടിശ്ശികകൾ പിരിച്ചെടുക്കൽ ആരംഭിച്ചു. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ വിമാനത്താവളത്തിൽ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
സെപ്തംബർ ഒന്നു മുതൽ കുടിശ്ശിക ഒടുക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനമായ രീതിയില്‍ ഗതാഗത പിഴകൾ ഒടുക്കണമെന്ന നിയമവും കഴിഞ്ഞ മാസം രാജ്യത്ത് നിലവിൽ വന്നിരുന്നു. ഗതാഗത നിയമലംഘന പിഴ ഒടുക്കാതെ വ്യക്തികൾക്കും വാഹനങ്ങൾക്കും നിലവിൽ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല.
പ്രവാസികൾക്ക് അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കുടിശ്ശികയുള്ള വൈദ്യുതി, ജല ബില്ലുകൾ തീർപ്പാക്കണമെന്നും നിയമ വ്യവസ്ഥകൾ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല