സ്വന്തം ലേഖകൻ: രാജ്യത്ത് വരുംദിവസങ്ങളിൽ ശക്തമായ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് പ്രവചനം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.
വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കും. എന്നാല്‍, ദൃശ്യപരത കുറവായതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഫഹദ് അൽ ഒതൈബി വ്യക്തമാക്കി. മേഘങ്ങൾ കുറയുകയും മഴക്കുള്ള സാധ്യത അവസാനിക്കുകയും ചെയ്യുന്നതിനാൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ, കാലാവസ്ഥ മെച്ചപ്പെടുമ്പോൾ താപനില കുറയുമെന്നും കണക്കാക്കുന്നു. കടുത്ത തണുപ്പാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച മഴ അവസാനിച്ചതോടെ താപനില വളരെ താഴ്ന്നു. ബുധനാഴ്ച ഉച്ചക്കുപോലും 15 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. മരുപ്രദേശങ്ങളിൽ ഇതിലും കുറഞ്ഞ നിലയിൽ എത്തി. രാത്രിയോടെ താപനില പിന്നെയും കുറഞ്ഞു. തണുപ്പ് ഏറുന്നതോടെ സീസണൽ രോഗങ്ങളിൽനിന്ന് രക്ഷനേടാൻ പ്രതിരോധവസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ആസ്ത്മ, ശ്വാസകോശരോഗികൾ പുറത്തിറങ്ങുമ്പോൾ കരുതൽ നടപടികൾ സ്വീകരിക്കണം. അതേസമയം, ചൊവ്വാഴ്ചയിലെ മഴയിൽ നാശനഷ്ടം നേരിട്ട ഇടങ്ങൾ മഴ കുറഞ്ഞതോടെ പ്രവർത്തനക്ഷമമായി. റോഡിലെ വെള്ളക്കെട്ടുകൾ നീങ്ങുകയും ബുധനാഴ്ച ഗതാഗതം പഴയ രീതിയിലാകുകയും ചെയ്തു. മഴയിൽ തകർന്ന ശുഐബ-പോർട്ട് അബ്ദുല്ല പ്രധാന റോഡിന്റെ ഭാഗം ശരിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച കുവൈത്ത് വിമാനത്താവളത്തിൽ 29 മില്ലി മീറ്റർ, വഫ്ര-44 മില്ലി മീറ്റർ, അൽ അഹമദി-27 മില്ലി മീറ്റർ, അൽ അബ്റാഖ്-21മില്ലി മീറ്റർ, കുവൈത്ത് സിറ്റി-29 മില്ലി മീറ്റർ എന്നിങ്ങനെ മഴ ലഭിച്ചതായി കാലാവസഥ വിഭാഗം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല