സ്വന്തം ലേഖകൻ: കുവൈത്തിൽ 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ഇതുവരെ തൊഴിൽ പെർമിറ്റ് നൽകിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ആവശ്യവും മറ്റും അനുസരിച്ചു ഈ പ്രായവിഭാഗത്തിലുള്ളവർക്ക് തൊഴിൽ അനുമതി നൽകൽ മാൻ പവർ അതോറിറ്റിയുടെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അധികൃതർ വ്യക്തമാക്കി
പ്രായപൂർത്തിയാകാത്തവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തി വരികയാണെന്നു മാൻപവർ അതോറിറ്റി ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു. 15 മുതൽ 18 വരെ പ്രായക്കാർക്ക് നിശ്ചിത ജോലികൾ ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
എന്നാൽ ഇതുവരെ ഈ പ്രായവിഭാഗത്തിൽ തൊഴിൽ പെർമിറ്റ് അനുവദിച്ചിട്ടില്ല. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 20 അനുസരിച്ച്. വർക്ക്‌പെർമിറ്റ് അനുവദിക്കാനും നിരസിക്കാനും ഉള്ള അധികാരം മാൻപവർ അതോറിറ്റിക്കാണ്. വിപണി ആവശ്യകതയും മറ്റ് കാര്യങ്ങളും അനുസരിച്ച് അന്വേഷണങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുക.
കമ്പനികളുടെയും കടകളുടെയും ഉടമകൾ പ്രത്യേക തൊഴിൽ പെർമിറ്റ് ഇല്ലാതെ കൗമാരക്കാരെ ജോലിക്ക് വെച്ചാൽ 100 മുതൽ 200 ദിനാർ വരെ പിഴ ഈടാക്കും. മൂന്നു വർഷത്തിനുള്ളിൽ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ബാലവേല തടയുന്നതിനായി കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റിയുടെയും ബാലാവകാശ സമിതിയുടെയും സഹകരണത്തോടെയുള്ള കാമ്പയിൻ രാജ്യത്തു പുരോഗമിക്കുകയാണ്.
സുരക്ഷിതവും സന്തുലിതവുമായ കുട്ടിക്കാലത്തേക്ക് എന്ന തലക്കെട്ടിൽ നടന്നുവരുന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി മാൻപവർ അതോറിറ്റി തൊഴിലിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല